കണ്ണൂര്‍ വിമാനത്താവളത്തിന് ഡി.ജി.സി.എയുടെ പ്രവര്‍ത്തനാനുമതി

നവംബര്‍ മാസം മുതല്‍ വിമാനത്താനളത്തില്‍ ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള സാങ്കേതികാനുമതി ലഭിച്ചിരുന്നു

Update: 2018-10-04 16:24 GMT

കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(ഡി.ജി.സി.എ)ന്റെ പ്രവര്‍ത്തനാനുമതി. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ‘എയറോഡ്രോം ലൈസന്‍സ് ‘ ആണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

നവംബര്‍ മാസം മുതല്‍ വിമാനത്താവളത്തില്‍ ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള സാങ്കേതികാനുമതി നേരത്തെ ലഭിച്ചിരുന്നു. വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഈ മാസത്തിനുള്ളില്‍ത്തന്നെ ഈ അനുമതിയും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

Advertising
Advertising

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റ(ഐ.എല്‍.എസ്.)ത്തിന്റെ കാലിബ്രേഷന്‍ നടത്തിയതിനു പുറമെ അതുപയോഗിച്ചുള്ള പരീക്ഷണപ്പറക്കലും നേരത്തെ നടന്നിരുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ ലൈസന്‍സ് ലഭിച്ചാല്‍ പിന്നെ അവശേഷിക്കുന്നത് ‘എയ്റോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷന്‍’ ആണ്. കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ലാന്‍ഡിങ്, ടേക്ക് ഓഫ് സംബന്ധിച്ച സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്താരാഷ്ട്ര വ്യോമയാനനിയമപ്രകാരം പ്രസിദ്ധപ്പെടുത്തലാണിത്. ലോകത്തെങ്ങുമുള്ള വിമാനക്കമ്പനികളും പൈലറ്റുമാരും അറിഞ്ഞിരിക്കേണ്ട സൂക്ഷ്മകാര്യങ്ങളാണിത്.

ഇത് പ്രസിദ്ധപ്പെടുത്തിയാല്‍ ഇനി പ്രാബല്യത്തിലാവുക ഡിസംബര്‍ ആറിനുശേഷമാണ്. ലൈസന്‍സ് ലഭിച്ചാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് തടസ്സമില്ലെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടിവരും.

Tags:    

Similar News