ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

Update: 2018-10-06 15:49 GMT

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. സാഹചര്യം നേരിടാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയതായും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറന്നു.

Advertising
Advertising

Full View

അറബിക്കടലില്‍ കേരളതീരത്ത് നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ഇന്നലെ ന്യൂനമര്‍ദം രൂപം കൊണ്ടത്. നിലവില്‍ ലക്ഷദ്വീപിന് പടിഞ്ഞാറ് ദിശയിലുള്ള തീവ്രന്യൂനമര്‍ദം വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ കനത്ത മഴക്കും സാധ്യതയുണ്ട്. ഉച്ചയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയുണ്ടായിരുന്നു.

നേരത്തെ അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ തിങ്കളാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് തുടരും. പത്തനംതിട്ട, വയനാട് ജില്ലകളില്‍ നാളെ വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടും തൃശൂരും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങള്‍ക്കൊപ്പം കര്‍ണാടകതീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Full View

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കനത്തമഴക്കുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഭൂരിഭാഗം ഡാമുകളും തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറന്നു. സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം കെ.എസ്.ഇ.ബി പലതവണ മാറ്റിയത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആരോപിച്ചു.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതോടെ പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സാഹചര്യം തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ട്.

Tags:    

Similar News