ബന്ധുനിയമന വിവാദം: കെ.ടി ജലീല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

മന്ത്രി കെ.ടി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ മാനദണ്ഡങ്ങള്‍ മറികടന്ന് ‌ന്യൂനപക്ഷ ധനകാര്യ കോർപറേഷന്‍ ജനറൽ മാനേജരായി നിയമിച്ചു എന്നതായിരിന്നു യൂത്ത് ലീഗിന്‍റെ ആരോപണം.

Update: 2018-11-04 13:14 GMT

ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ കെ.ടി ജലീല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. ലീഗുകാർ എടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ നടപടി സ്വീകരിച്ചപ്പോഴാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ മന്ത്രിയുടെ മറുപടി വസ്തുനിഷ്ഠമല്ലെന്നും രാജിവെയ്ക്കും വരെ പ്രതിഷേധം നടക്കുമെന്നും യൂത്ത് ലീഗ് അറിയിച്ചു.

മന്ത്രി കെ.ടി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ മാനദണ്ഡങ്ങള്‍ മറികടന്ന് ‌ന്യൂനപക്ഷ ധനകാര്യ കോർപറേഷന്‍ ജനറൽ മാനേജരായി നിയമിച്ചു എന്നതായിരിന്നു യൂത്ത് ലീഗിന്‍റെ ആരോപണം. ബന്ധുനിയമന വിവാദത്തില്‍ മറുപടിയുമായി രാവിലെ തന്നെ മന്ത്രി രംഗത്തെത്തി. പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് നിയമനം നടത്തിയത്. ഇന്‍റര്‍വ്യൂവിനെത്തിയ മൂന്ന് പേര്‍ക്കും യോഗ്യതയില്ലാത്തത് കണ്ടാണ് അപേക്ഷകരില്‍ യോഗ്യതയുളള ഏക വ്യക്തിയായ അദീബിന് നേരിട്ട് നിയമനം നല്‍കിയത്.

Advertising
Advertising

എന്നാല്‍ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതയും പുറത്തു വിടാന്‍ മന്ത്രി തയ്യാറാകണമെന്നും നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ് ചോദിച്ചു.

ജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പാഴാക്കാതെ രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടെ കെ.ടി ജലീലിന് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജന്‍ രംഗത്ത് വന്നു. വിഷയത്തെ തെറ്റായി വ്യാഖാനിച്ചു തെറ്റിദ്ധാരണ പരത്തുകയാണെന്നും. ഇക്കാര്യത്തിൽ ജലീലിന്റെ നിലപാട് ശരിയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Tags:    

Similar News