പി.സി ജോര്‍ജിന്‍റെ ജനപക്ഷത്തെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി നീക്കം
നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. എന്നാല്‍ ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്നുമാണ് പി.സിയുടെ നിലപാട്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടി ബി.ജെ.പി. പി.സി ജോര്‍ജിന്‍റെ ജനപക്ഷത്തെ അടക്കം കൊണ്ടുവന്ന് സീറ്റ് നേടാനുളള ശ്രമമാണ് ബി.ജെ.പി നേതൃത്വം നടത്തുന്നത്. അതേസമയം ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് പി.സി ജോര്‍ജ് സ്വീകരിച്ചിട്ടുണ്ട്.
ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തിരയുന്നത്. ശബരിമല വിഷയത്തില്‍ പി. സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബി.ജെ.പിയെ അടുപ്പിക്കുന്നത്. കൂടാതെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും പി.സി ജോര്‍ജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയാല്‍ ജനപക്ഷവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തും.
നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. എന്നാല്‍ ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്നുമാണ് പി.സിയുടെ നിലപാട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുബോള്‍ ഇക്കാര്യത്തില്‍ കുറച്ച് കൂടി വ്യക്തത വരുമെന്നാണ് സൂചന.