സി.പി.എമ്മിനും സർക്കാരിനും ആശ്വാസമായി തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം

തിരിച്ചടികൾക്കിടയിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വക്കാനായതാണ് സി.പി.എമ്മിന് പ്രതീക്ഷ നൽകുന്നത്.

Update: 2018-12-01 01:17 GMT

ശബരിമല വിവാദത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിനും സർക്കാരിനും ആശ്വാസമായി. തിരിച്ചടികൾക്കിടയിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വക്കാനായതാണ് സി.പി.എമ്മിന് പ്രതീക്ഷ നൽകുന്നത്.കോൺഗ്രസിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

ശബരിമല മുഖ്യ പ്രചരണ വിഷയമായ ആദ്യതെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ്. രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും ശബരിമല വിവാദം കത്തിക്കാളിയ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഫലം മുന്നണികൾക്കെല്ലാം നിർണ്ണായകവുമായിരുന്നു. ഇതിൽ മേൽക്കൈ നേടാനായതാണ് സി.പി.എമ്മിനും സർക്കാരിനും പ്രതീക്ഷ നൽകുന്നത്.സിറ്റിംഗ് സീറ്റുകൾ ചിലത് നഷ്ടപ്പെട്ടെങ്കിലും സീറ്റ് നിലയിൽ കുറവില്ലാത്തതും ചിലയിടത്ത് അട്ടിമറി സൃഷ്ടിക്കാനായതും എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിജയം കൂടിയായി. ശബരിമല മുൻനിർത്തി സമരം നടന്ന തൃപ്പൂണിത്തുറയിലടക്കം യു.ഡി.എഫിന്റെ സീറ്റുകൾ പിടിച്ചെടുത്തത് രാഷ്ട്രീയ നിലപാടുകൾക്കുളള അംഗീകാരമായ് മുന്നണി വിലയിരുത്തുന്നു.അതേ സമയം ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനാണ് കൂടുതൽ പരിക്കേൽപ്പിച്ചത്.

Advertising
Advertising

കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് സീറ്റാണ് കോൺഗ്രസിന് കുറഞ്ഞത്.ആലപ്പുഴയിലെ രണ്ട് പഞ്ചായത്ത് വാർഡുകൾ ബി.ജെ.പി പിടിച്ചെടുത്തത് പാർട്ടിക്കുളളിൽ ചർച്ചയായിക്കഴിഞ്ഞു. ഒരു സീറ്റ് വർദ്ധിച്ചെങ്കിലും ബി.ജെ.പിക്കും ഫലം ശുഭപ്രതീക്ഷയല്ല നൽകുന്നത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ രണ്ട് സീറ്റിലുമായി ബി.ജെ.പിക്ക് ആകെ ലഭിച്ചത് 19 വോട്ട് മാത്രമാണ്.രണ്ട് വാർഡും പാർട്ടിക്ക് സ്വാധീനമുളള മേഖലയല്ലെങ്കിലും ശബരിമല സമരത്തിലൂടെ പ്രദേശത്ത് ബി.ജെ.പിക്ക് സ്വാധീനം വർദ്ധിപ്പിക്കാനായില്ലെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

Tags:    

Similar News