അരവണ ഡപ്പി നിർമ്മിക്കുന്ന കമ്പനികളുമായി ദേവസ്വം ബോർഡ് ധാരണയിലായില്ല
പല കമ്പനികളും ചർച്ച നടത്തുന്നുണ്ടെങ്കിലും തീരുമാനമാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ശബരിമലയിൽ അരവണ ഡപ്പി നിർമ്മിക്കുന്ന കമ്പനികളുമായി ദേവസ്വം ബോർഡ് ധാരണയിലായില്ല. പല കമ്പനികളും ചർച്ച നടത്തുന്നുണ്ടെങ്കിലും തീരുമാനമാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.ഭക്തരുടെ വരവ് കുറഞ്ഞതിനാൽ അരവണ ഉൽപാദനവും ഇപ്പോൾ കുറച്ചിരിയ്ക്കുകയാണ്.
അരവണ നിറയ്ക്കാനുള്ള ഡപ്പി നൽകുന്നതിനുള്ള കരാറിൽ നിന്ന് രണ്ടാമത്തെ കമ്പനിയും പിന്മാറി. ആദ്യം കരാർ ഉറപ്പിച്ചത് ആലുവയിലെ ഒരു കമ്പനിയ്ക്കായിരുന്നു .എന്നാൽ തങ്ങളെ ലേലത്തിൽ ഉൾപ്പെടത്തിയില്ലയെന്ന് പറഞ്ഞുകൊണ്ട് കൊല്ലത്തെ ശ്രീ വിഘ്നേശ്വര പാക്ക്സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇവരെക്കൂടി ഉൾപ്പെടുത്തി ചർച്ച നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനെ ചുമതപ്പെടുത്തി.ചർച്ചയിൽ ശ്രീ വിഘ്നേശ്വര പാക്ക്സ് ഒരു ഡപ്പിക്ക് 4.40 രൂപ നിരക്കിൽ ധാരണയിലായെങ്കിലും പിന്നീട് കരാറിൽ ഒപ്പുവെയ്ക്കാൻ വിസമ്മതിച്ചു.ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.
ഇതെ തുടർന്ന് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ തുക എഴുതിയ കമ്പനിയുമായി കരാർ ഉണ്ടാക്കാൻ ദേവസ്വം ബോർഡിന് കോടതി അനുമതി നൽകി എന്നാൽ അവരും കരാറിൽ ഒപ്പുവെയ്ക്കാൻ തയ്യാറായില്ല. ഇനി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചാണ്. 27 ലക്ഷം അരവണയും 50 ലക്ഷം ഡപ്പിയും കരുതൽ ശേഖരമായി ഉള്ളതിനാൽ കരാർ വൈകുന്നത് ബാധിക്കില്ലെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.