കരിപ്പൂര്‍ വലിയ വിമാനങ്ങളുടെ പുനര്‍ സര്‍വ്വീസ്; രാഷ്ട്രീയ അവകാശവാദങ്ങള്‍ സജീവം

Update: 2018-12-05 04:26 GMT
Advertising

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ അവകാശവാദങ്ങള്‍ സജീവം. കൂടുതല്‍ ഭൂമിയേറ്റെടുക്കാതെ വലിയ വിമാനങ്ങള്‍ തിരിച്ചെത്തില്ലെന്ന തടസ്സവാദമുന്നയിച്ച ജനപ്രതിനിധികളും ഇപ്പോള്‍ വിജയാരവം മുഴക്കുകയാണ്. അവകാശ വാദങ്ങള്‍ക്കപ്പുറം സാധാരണ പ്രവാസികളുടെ നിയമ പോരാട്ടങ്ങളും ഇടപെടലുകളുമാണ് മൂന്ന് വര്‍ഷത്തിനു ശേഷം സൗദിയ വിമാനത്തെ കരിപ്പൂരില്‍ തിരിച്ചെത്തിച്ചതെന്നാണ് സമര രംഗത്തുണ്ടായിരുന്ന പ്രവാസി സംഘടന പറയുന്നത്.

34 മാസത്തെ കാത്തിരിപ്പിനൊടുവില്‍ സൗദിയ വിമാനം കരിപ്പൂരില്‍ തിരിച്ചെത്തുന്നതില്‍ നാടും പ്രവാസലോകവും ആഹ്ലാദത്തിലാണ്. എന്നാല്‍ കരിപ്പൂരിന്‍റ പ്രതാപം തിരിച്ചെത്തിച്ചത് തങ്ങളുടെ നേട്ടമാണെന്നവകാശപ്പെട്ട് മുസ്ലിം ലീഗ് രംഗത്തെത്തി. സ്ഥലം എം.പി കുഞ്ഞാലിക്കുട്ടിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ നിരത്തിയാണ് ലീഗ് പ്രാചാരണം. പരസ്പരം മധുരം നല്‍കി ലീഗ്പ്രവര്‍ത്തകര്‍ വിജയാരവം എന്ന പേരില്‍ കരിപ്പൂരില്‍ ഒത്തുചേരുകയായിരുന്നു.

എന്നാല്‍ ഈ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ‘സേവ് കരിപ്പൂര്‍ മൂവ്മെന്‍റ്’ എന്ന മുദ്രാവാക്യമുയര്‍ത്തി മൂന്ന് വര്‍ഷമായി സമര രംഗത്തുള്ള പ്രവാസി സംഘടന മലബാര്‍ ഡെവലപ്മെന്‍റ് ഫോറം പറയുന്നത്.

ഭൂമിയേറ്റെടുക്കാതെ വികസനം നടക്കില്ലെന്ന് വാദിച്ച മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വാദമാണ് പ്രവാസികള്‍ കൂടി ചേര്‍ന്ന് നടത്തിയ ജനകീയ സമരത്തിലൂടെ പൊളിഞ്ഞതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

സൗദിയ വിമാനത്തെ വരവേല്‍ക്കാന്‍ മലബാര്‍ ഡെവലപ്മെന്‍റ് ഫോറവും വെല്‍ഫയര്‍ പാര്‍ട്ടിയും ഉള്‍പ്പെടെ വിവിധ സംഘടനകള്‍ കരിപ്പൂരില്‍ വിപുലമായ വിജയാഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News