കെ.എസ്.ആര്‍.ടി.സിയിലെ എം.പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന് ഹൈക്കോടതി
ഒരാഴ്ചക്കുള്ളില്‍ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു
കെ.എസ്.ആര്‍.ടി.സിയിലെ എം.പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന് ഹൈക്കോടതി. ഒരാഴ്ചക്കുള്ളില്‍ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. 10 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെയും വര്‍ഷത്തില്‍ 120 ദിവസം ജോലി ചെയ്തവരെയും നിലനിര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവോടെ 3600ഓളം എം.പാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിടേണ്ടിവരിക.
കെ.എസ്.ആര്‍.ടി.സിയില്‍ വിവിധ തസ്തികകളില്‍ ജോലിക്ക് അപേക്ഷിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി കിഷോര്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. നിയമനം ലഭിക്കാത്തത് ചൂണ്ടികാട്ടി സിംഗിള്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഹരജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
കെ.എസ്.ആര്‍.ടി.സിയില്‍ താല്കാലിക ജീവനക്കാരെ നിയമിച്ചതിനാല്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ കഴിയുന്നില്ലെന്ന് പി.എസ്.സി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് എം.പാനല്‍ ജീവനക്കാരെ ഒരാഴ്ചക്കകം പിരിച്ചുവിട്ട് പി.എസ്.സിയോട് നിയമനം നടത്താന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്.
എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് സുപ്രീം കോടതി ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 120 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവരെയും 10 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെയും പിരിച്ചുവിടരുതെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. ഈ നിര്‍ദേശം പാലിക്കണമെന്നും കോടതി വ്യക്തമാക്കി.