കെ.പി. ശശികലയെ അറസ്റ്റ് ചെയ്യാന്‍ താമസം നേരിട്ടുവെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്
അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി സുദര്‍ശനെതിരെ ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി
ശബരിമല വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്യാന്‍ താമസം നേരിട്ടുവെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി സുദര്‍ശനെതിരെ ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പിയോട് ഡി.ജി.പി വിശദീകരണം ചോദിച്ചേക്കും.
നവംബര്‍ 14നാണ് ശബരിമല സന്ദര്‍ശനത്തിനായി ഹിന്ദു ഐക്യവേദി നേതാവ് ശശികല എത്തിയത്. എന്നാല്‍ ക്രമസമാധാനം പ്രശ്നം ചൂണ്ടിക്കാട്ടി ശശികലയുടെ യാത്ര പൊലീസ് മരക്കൂട്ട് വച്ച് തടഞ്ഞു. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്ന ശശികല അഞ്ചുമണിക്കൂറോളമാണ് അവിടെ കുത്തിയിരുന്നത്.അതിന് ശേഷമാണ് ശശികലയെ അറസ്റ്റ് ചെയ്തത്. അന്ന് മരക്കൂട്ടം മേഖലയുടെ ചുമതല എസ്.പി സുദര്‍ശനായിരുന്നു. എന്നാല്‍ അറസ്റ്റ് സമയത്ത് എസ്.പി സ്ഥലത്തുണ്ടാകാതിരുന്നില്ല.
എസ്. പി ഉണ്ടായിരുന്നെങ്കില്‍ അറസ്റ്റ് ഇത്രയും വൈകില്ല എന്ന വിലയിരുത്തല്‍ അന്ന് തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടായിരിന്നു.ഇത് പരിശോധിച്ചാണ് ഐ.ജി വിജയ് സാഖറെ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിജിപിക്ക് നല്‍കിയത്. അറസ്റ്റ് വൈകിയതില്‍ എസ്. പിക്ക് ഉത്തരവാദിത്തമുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ എസ്പി സുദര്‍ശനോട് വിശദീകരണം ചോദിക്കും.