കണ്ണൂര്‍ വിമാനത്താവളം; വികസനത്തിന്റെ നാള്‍വഴികള്‍
കണ്ണൂരില്‍ വിമാനത്താവളമെന്ന പ്രഖ്യാപനത്തെ പറഞ്ഞ് പഴകിയ ഒരു തമാശയായി മാത്രമായിരുന്നു ആദ്യം ജനം കണ്ടത്.
1996 ഡിസംബര്‍ 20നാണ് കണ്ണൂരില്‍ രാജ്യാന്തര വിമാത്താവളം സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം പ്രഖ്യാപനം നടത്തിയത്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാള്‍വഴികളിലൂടെ ഒരു തിരിഞ്ഞ് നോട്ടം.
കണ്ണൂരില്‍ വിമാനത്താവളമെന്ന പ്രഖ്യാപനത്തെ പറഞ്ഞ് പഴകിയ ഒരു തമാശയായി മാത്രമായിരുന്നു ആദ്യം ജനം കണ്ടത്. പക്ഷെ,സി.എം ഇബ്രാഹിമിന്റെ പ്രഖ്യാപനത്തെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ പിന്തുണച്ചതോടെ കാര്യം ഗൌരവത്തിലായി. തൊട്ടു പിന്നാലെ 97 ആഗസ്ത് 26ന് എയര്‍പോര്‍ട്ട് സാധ്യതാ പഠനത്തിനായി കേന്ദ്രസംഘം കണ്ണൂരിലെത്തി.
98 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന് ഭരണാനുമതിയും നല്‍കി. ആ വര്‍ഷം തന്നെ സ്ഥലമേറ്റെടുപ്പിനുളള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിച്ചു. 98 മെയ് മാസത്തിലാണ് ഒന്നാം ഘട്ട ഭൂമിയേറ്റെടുക്കല്‍ ആരംഭിക്കുന്നത്. 2001ല്‍ 198.18 ഏക്കര്‍ ആദ്യ ഘട്ടമായി ഏറ്റെടുത്തു.
2004 ഡിസംബര്‍ 21ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ ഇടപെടലോടെയാണ് ഇടക്കാലത്ത് നിലച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുന്നത്. 2005 മാര്‍ച്ച് 30ന് കെ.കേശവനെ സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. 2007 മാര്‍ച്ച് 29ന് പ്രതിരോധവകുപ്പ് പദ്ധതിക്ക് അനുമതി നല്കി. 2008 ജനുവരി 17ന് വിമാനത്താവളത്തിന് കേന്ദ്രാനുമതി. 2009 ഡിസംബര്‍ മൂന്നിന് കിയാല്‍ നിലവില്‍ വന്നു. 2010 ഡിസംബര്‍ 17ന് വിമാനത്താവള പ്രവര്‍ത്തിക്ക് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടു. പിന്നെയെല്ലാം വേഗത്തിലായിരുന്നു. 2018 സെപ്തംബര്‍ 20ന് പരീക്ഷണ പറക്കല്‍ നടന്നു.ഒ ടുവില്‍ കണ്ണൂര്‍ വിമാനത്താവളമെന്ന സ്വപ്നത്തിന് ഇന്ന് സാക്ഷാത്ക്കാരമായിരിക്കുന്നു.