ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയത് ഒരാഴ്ചത്തെ അജ്ഞാതവാസത്തിന് ശേഷം
പൊലീസ് കസ്റ്റഡിയിലല്ലെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ മാറിനില്‍ക്കുകയാണെന്നും വ്യക്തമാക്കി 28ന് കനകദുര്‍ഗയുടെ വീഡിയോ പുറത്തുവന്നു.
ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിനും അജ്ഞാതവാസത്തിനും ഒടുവിലാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്താന്‍ സന്നിധാനത്തെത്തിയത്. ഡിസംബര്‍ 24ന് ദര്‍ശനം നടത്താനെത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇവരെ തിരിച്ചിറക്കിയിരുന്നു.
ബിന്ദുവും കനകദുര്‍ഗയും ഡിസംബര്‍ 24ന് ശബരിമലയിലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റമുട്ടുന്ന സാഹചര്യം വരെയുണ്ടായി. പിന്നീട് പൊലീസ് ഇവരെ നിര്‍ബന്ധപൂര്‍വം തിരിച്ചിറക്കി. രണ്ട് പേരെയും കോട്ടയത്തെത്തിച്ച പൊലീസ് രോഗകാരണം പറഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്യായ കസ്റ്റഡിയെന്ന് ആരോപിച്ച് യുവതികള്‍ നിരാഹാരം പ്രഖ്യാപിച്ചതോടെ ഇവരെ വിട്ടയച്ചു. എന്നാല്‍ ഇവരെക്കുറിച്ച് പിന്നീട് വിവരുണ്ടായിരുന്നില്ല. ഇവര കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കി.
പൊലീസ് കസ്റ്റഡിയിലല്ലെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ മാറിനില്‍ക്കുകയാണെന്നും വ്യക്തമാക്കി 28ന് കനകദുര്‍ഗയുടെ വീഡിയോ പുറത്തുവന്നു. ഡിസംബര്‍ 30ന് ബിന്ദുവും കനകദുര്‍ഗയും വീണ്ടും പൊലീസിനോട് അനുമതി തേടി. പൊലീസ് സുരക്ഷയൊരുക്കുമെന്ന ഉറപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പമ്പയിലെത്തി. മഫ്തിയിലുള്ള ആറ് പോലീസുകാരുടെ അകമ്പടിയില്‍ അവര്‍ മലകയറി. 3.45ന് സന്നിധാനത്ത്. കറുപ്പണിഞ്ഞ് മുഖംമറച്ചാണ് ഇരുവരുമെത്തിയത്. അഞ്ച് മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്തി തിരിച്ചിറങ്ങി. പൊലീസ് തന്നെ ഇവരെ പമ്പയിലെത്തിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇപ്പോഴും ഇരുവരും അജ്ഞാത കേന്ദ്രത്തിലാണ്.