ലോക്സഭ തെരഞ്ഞെടുപ്പ്: കോഴിക്കോട് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്നതിന് ഒറ്റ ഉത്തരം മാത്രം
എല്‍.ഡി.എഫില്‍ മുഹമ്മദ് റിയാസിന് മുന്‍തൂക്കം. പ്രതീക്ഷകളില്ലാത്ത ബി.ജെ.പിയില്‍ ജില്ലാ നേതാക്കള്‍ക്ക് മുന്‍തൂക്കം
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് പോലും ഉണ്ടാകുകയുള്ളൂ. സിറ്റിങ് എം. പി എം.കെ രാഘവന്‍ തന്നെ യു.ഡി.എഫിനായി തേര് തെളിയിക്കുമെന്ന് ഉറപ്പായിരിക്കെ, ഒരിക്കല്‍ കൈവിട്ട തട്ടകം തിരികെ പിടിക്കാന്‍ പി.എ മുഹമ്മദ് റിയാസിനെ രംഗത്ത് ഇറക്കാനാണ് സി.പി.എമ്മിലെ ആലോചനകള്‍.
തെരഞ്ഞെടുപ്പായാല്‍ സ്ഥാനാര്‍ഥി മോഹികളുടെ കരുനീക്കങ്ങള്‍ പതിവ് കാഴ്ചകളാണ്. അതിനാല്‍ പലതരത്തിലുള്ള അവകാശ വാദങ്ങളും സജീവമാകും. പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍. പക്ഷേ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഇതിനൊന്നും ഒരു സാധ്യതയും നിലവിലില്ല. സിറ്റിങ് എം. പി എം.കെ രാഘവന്‍ തന്നെ ജനവിധി തേടുമെന്ന് കോണ്‍ഗ്രസുകാര്‍ ഒറ്റ സ്വരത്തില്‍ പറയും.
മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന രാഘവന്റെ കരുത്ത് വ്യക്തിബന്ധങ്ങളിലാണ്. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഒപ്പം കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങളും എണ്ണിപറഞ്ഞ് മൂന്നാമതും വിജയം ഉറപ്പിക്കാമെന്ന് യു.ഡി.എഫ് കണക്കു കൂട്ടുന്നു. ഈ കണക്ക് കൂട്ടലുകളെ മറികടക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ കളത്തിലിറക്കണമെന്ന് എല്‍.ഡി.എഫിനും അറിയാം. നിലവില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിനാണ് മുന്‍തൂക്കം.
ന്യൂനപക്ഷ വോട്ടുകള്‍ ഇതിലൂടെ സമാഹരിക്കാനാകുമെന്നാണ് എല്‍.ഡി.എഫ് കണക്ക് കൂട്ടല്‍. യുവാവെന്ന പരിഗണനയ്ക്ക് ഒപ്പം മണ്ഡലത്തിലെ വേരുകളും റിയാസിന് അനുകൂലമാണ്. എ. പ്രദീപ്കുമാറിന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും എം.എല്‍.എ സ്ഥാനം രാജിവെച്ചുള്ള നീക്കങ്ങള്‍ വേണ്ടെന്ന നിലപാടും ശക്തമാണ്. ഇവര്‍ രണ്ട് പേരുമല്ലെങ്കില്‍ കഴിഞ്ഞ തവണ എ. വിജയരാഘവന്‍ സ്ഥാനാര്‍ഥിയായത് പോലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കപ്പെടാനുള്ള സാധ്യതയും തള്ളാനാവില്ല.
കഴിഞ്ഞ രണ്ട് തവണയും ഒപ്പമില്ലാതിരുന്ന വീരേന്ദ്രകുമാറും കൂട്ടരുടെയും മുന്നണിയിലെ സാന്നിധ്യം എല്‍.ഡി.എഫിന്റെ കണക്ക് കൂട്ടലുകള്‍ക്ക് ശക്തി പകരും. കാര്യമായ പ്രതീക്ഷകളില്ലാത്ത മണ്ഡലത്തില്‍ കെ. പി ശ്രീശന്‍, പ്രകാശ് ബാബു തുടങ്ങിയ പേരുകളാണ് ബി.ജെ.പി പരിഗണനയില്‍.