വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഇളവ്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് 26 വന്‍കിട ഉപഭോക്താക്കള്‍ക്കാണ് ഇളവ്. പൊതു അറിയിപ്പ് നല്‍കാതെ ആണ് കമ്മീഷന്റെ നടപടി. അന്വേഷണം വേണമെന്ന് പ്രതിപക്ഷ സംഘടനകള്‍.
വന്‍കിട ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവ് നല്‍കി വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് 26 വന്‍കിട ഉപഭോക്താക്കള്‍ ഇളവ് നല്‍കുകയും പവര്‍ ഫാക്ടര്‍ ഇന്‍സെന്റീവ് ഇരട്ടിയാക്കുകയും ചെയ്തതതിലൂടെ 120 കോടി രൂപയുടെ അധിക ബാധ്യത കെ.എസ്.ഇ.ബിക്കുണ്ടായെന്ന് വിലയിരുത്തല്‍. റഗുലേറ്ററി കമ്മീഷന്റെ നടപടിക്കെതിരെ വൈദ്യുതി ഉദ്യോഗസ്ഥരുടെ സംഘടന അന്വേഷണം ആവശ്യപ്പെട്ടു.
ഊര്‍ജ ക്ഷമത കൈവരിക്കുന്നതിന് പവര്‍ ഫാക്ടര്‍ .9 ന് മുകളിലാക്കണമെന്നാണ് കെ.എസ്.ഇ.ബി നിര്‍ദേശിച്ചിരിക്കുന്നത്. .9 ന് മുകളില്‍ പവര്‍ ഫാക്ടര്‍ ആക്കുന്നവര്‍ക്ക് .9 ന് മുകളില്‍ വരുന്ന ഓരോ യൂനിറ്റിനും .25 ശതമാനം നിരക്കില്‍ ഇന്‍സെന്റീവും നല്‍കി വന്നിരുന്നു. എന്നാല്‍ വൈദ്യുതി നിരക്ക് 2017 ല്‍ പുതുക്കി വന്നപ്പോള്‍ ഈ ഇന്‍സെന്റീവ് .5 ആക്കി മാറ്റി. അതായത് ഊര്‍ജക്ഷമ കൈവരിക്കുന്ന കമ്പനികള്‍ക്ക് നല്‍കേണ്ട ഇന്‍സെന്റീവ് ഇരട്ടിയാക്കി. ഇതിലൂടെ 90 കോടി രൂപയുടെ അധിക ബാധ്യത ഈ സാമ്പത്തിക വര്‍ഷം കെ.എസ്.ഇ.ബിക്ക് ഉണ്ടായി.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജില്‍ നിന്ന് 26 കമ്പനികളെ ഒഴിവാക്കിയതാണ് മറ്റൊരു നടപടി. എംബഡഡ് ഓപണ്‍ അക്സസ് കണ്‍സ്യൂമേഴ്സ് എന്ന ഗണത്തില്‍പ്പെടുത്തിയാണ് 26 വന്‍കിട ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് റഗുലേറ്ററി കമ്മീഷന്‍ ഒഴിവാക്കിയത്. ഇതിലൂടെ 30 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.
റഗുലേറ്ററി കമ്മീഷന്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് നല്‍കിയ രണ്ട് ഇളവുകളിലൂടെ കെ.എസ്.ഇ.ബിക്ക് ആകെ അധിക ബാധ്യതയാകുന്ന 120 കോടി രൂപയാണ്. ഈ നഷ്ടം വരുംവര്‍ഷം ഗാര്‍ഹിക ഉപഭോക്താക്കളിലേക്കാകും വരിക. വൈദ്യുതി ചാര്‍ജ് വര്‍ധനക്ക് ഇടയാക്കുന്നതാണ് ഈ നടപടി.
നടപടി സംബന്ധിച്ച് പൊതു അറിയിപ്പ് നല്‍കാത്തതിനാല്‍ ചാര്‍ജ് വര്‍ധനക്കായുള്ള തെളിവെടുപ്പുകളില്‍ ഈ വിഷയം വരികയും ചെയ്തിട്ടില്ല. ഇളവ് നല്‍കുന്നതിന് പിന്നില്‍ സംശയകരമായ സാഹചര്യമുണ്ടെന്നും അന്വേഷണം വേണമെന്നും ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി ആവശ്യപ്പെടാതെ എടുത്ത നടപടിക്കെതിരെ കെ.എസ്.ഇ.ബി അപ്പലെറ്റ് അതോറിക്ക് പരാതി നല്‍കിയിട്ടുണ്ട്.