ഇ.കെ സമസ്തയെ അനുനയിപ്പിക്കാന്‍ കെ.ടി ജലീല്‍; സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി

സമസ്ത നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട മന്ത്രി സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു.

Update: 2019-01-18 07:47 GMT

വഖഫ് ട്രിബ്യൂണല്‍ നിയമനത്തില്‍ ഇടഞ്ഞ സമസ്ത ഇ.കെ വിഭാഗത്തെ അനുനയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍. സമസ്ത നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട മന്ത്രി സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാരിന് സമസ്തയോട് വിവേചനമില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടും വ്യക്തമാക്കി.

മൂന്നംഗ ട്രിബ്യൂണലിലെ രണ്ട് അംഗങ്ങളും എ.പി വിഭാഗത്തോടൊപ്പം നിലകൊള്ളുന്നവരാണെന്നായിരുന്നു സമസ്ത ഇ.കെ വിഭാഗത്തിന്റെ പരാതി. വിഷയം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പോലും പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് സമസ്ത സര്‍ക്കാരിന് എതിരെ പ്രക്ഷോഭവും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രി കെ.ടി ജലീല്‍ പഴയ നിലപാടില്‍ നിന്ന് പിന്‍മാറി സമസ്ത നേതാക്കളെ ടെലിഫോണില്‍ ബന്ധപ്പെട്ടത്. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന മന്ത്രിയുടെ ആവശ്യത്തിന് കൃതമായ ഉറപ്പുകള്‍ വേണമെന്നായിരുന്നു സമസ്തയുടെ നിലപാട്. ഈ സാഹചര്യത്തിലായിരുന്നു പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി പരസ്യമായി തന്നെ പ്രതികരിച്ചത്.

സമസ്ത നേതാക്കളെ മന്ത്രി നേരില്‍ കണ്ട് ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. നാളെയാണ് വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിക്കുക. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന മന്ത്രിയുടെ ആവശ്യത്തോട് സമസ്ത ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    

Similar News