കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; നിലപാട് കടുപ്പിച്ച് ജോസഫ് ഗ്രൂപ്പ് രംഗത്ത്
കോട്ടയത്തിന് പുറമേ വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് കൂടി യു.ഡി.എഫ് നല്‍കിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാകും.
കേരള കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ട് സീറ്റ് വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെ ശക്തമായി ഉന്നയിക്കാന്‍ കെ.എം മാണി തയ്യാറാകാതിരുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. കോട്ടയത്തിന് പുറമേ വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് കൂടി യു.ഡി.എഫ് നല്‍കിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാകും.
ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനം പറയുന്നത്. അതുകൊണ്ട് ത ന്നെയാണ് രണ്ട് സീറ്റ് വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ രണ്ടാം സീറ്റെന്ന ആവശ്യം മാണി രാഹുല്‍ ഗാന്ധിയോട് വേണ്ട രീതിയില്‍ സൂചിപ്പിക്കാന്‍ മാണി തയ്യാറായില്ല. തുടര്‍ന്ന് പി.ജെ ജോസഫാണ് ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. മാണി ഈ നിലപാട് സീറ്റ് ചര്‍ച്ചകള്‍ക്കായുളള യു.ഡി.എഫ് യോഗത്തിലും തുടര്‍ന്നാല്‍ ജോസഫ് വിഭാഗം എതിര്‍പ്പ് പരസ്യമാക്കിയേക്കും.
ഏതെങ്കിലും സീറ്റിനപ്പുറത്തേക്ക് രണ്ടാം സീറ്റായി ഇടുക്കി തന്നെ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം കോട്ടയത്ത് മത്സരിക്കാനും ഇവര്‍ നോക്കുന്നുണ്ട്. എന്നാല്‍ കോട്ടയം വിട്ട് നല്കകേണ്ട ആവശ്യമില്ലെന്നാണ് മാണി ഗ്രൂപ്പുകാരുടെ തീരുമാനം. അതുകൊണ്ട് തന്നെ പിളര്‍പ്പില്‍ നിന്നും പാര്‍ട്ടിയെ ഒന്നിച്ച് നിര്‍ത്താനാണ് ജോസ് കെ.മാണി ശ്രമിക്കുന്നത്. മാണി വിഷയം കാര്യമായി എടുത്തില്ലെങ്കിലും ജോസ് കെ.മാണി ഈ ആവശ്യം യു.ഡി.എഫില്‍ ശക്തമായി ഉന്നയിച്ചേക്കാം. പാര്‍ട്ടി ചെയര്‍മാനാകാനുള്ള ജോസ് കെ.മാണിയുടെ നീക്കമായി കേരള യാത്ര അടക്കം വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തില്‍ ജോസഫിനെ അനുനയിപ്പിക്കുക മാണി ഗ്രൂപ്പിന് വലിയ തലവേദനയാകും.