സീറ്റുവിഭജനം യു.ഡി.എഫിന് തലവേദനയാകും

കേരള കോൺഗ്രസിന് സീറ്റ് അധികം നൽകേണ്ടി വന്നാൽ മുസ്ലിംലീഗും മൂന്നാമത്തെ സീറ്റ് എന്ന ആവശ്യം ശക്തിപ്പെടുത്തും.

Update: 2019-01-30 04:03 GMT

അധിക സീറ്റ് എന്ന ആവശ്യത്തില്‍ പി.ജെ ജോസഫ് ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫിന് സീറ്റുവിഭജനം തലവേദനയാകും. കേരള കോൺഗ്രസിന് സീറ്റ് അധികം നൽകേണ്ടി വന്നാൽ മുസ്ലിംലീഗും മൂന്നാമത്തെ സീറ്റ് എന്ന ആവശ്യം ശക്തിപ്പെടുത്തും. സീറ്റ് വിഭജനത്തിനുള്ള യു.ഡി.എഫ് ഉഭയകക്ഷി ചർച്ച അടുത്ത ദിവസങ്ങളിൽ നടക്കും.

Full View

ഘടകകക്ഷികൾ അധികസീറ്റ് ചോദിക്കുന്നത് യു.ഡി.എഫ് സീറ്റു വിഭജന സമയത്തെ പതിവ് രീതിയാണ്. മുസ്ലിംലീഗ് മൂന്നാമതൊരു സീറ്റ് സ്ഥിരമായി ആവശ്യപ്പെടാറുണ്ട്. കേരള കോൺഗ്രസും അധിക സീറ്റുകൾക്കുള്ള അവകാശവാദം ഉന്നയിക്കാറുണ്ട്. എന്നാൽ ഉഭയകക്ഷി ചർച്ചയിൽ എത്തുന്നതോടെ ഘടകകക്ഷികൾ അവകാശവാദം ഉപേക്ഷിക്കുന്ന രീതിയാണുള്ളത് .

Advertising
Advertising

എന്നാൽ കേരള കോൺഗ്രസിലെ പി.ജെ ജോസഫ് വിഭാഗം രണ്ടാമത്തെ സീറ്റിന് വേണ്ടിയുള്ള ആവശ്യം ശക്തമായ ഉന്നയിച്ചതോടെ സീറ്റ് വിഭജനം വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷ ഇപ്പോൾ യു.ഡി.എഫ് നേതാക്കൾക്ക് ഇല്ല. യു.ഡി.എഫ് യോഗത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലും രണ്ടാമതൊരു സീറ്റ് എന്ന ആവശ്യം കണക്കുകൾ നിരത്തിയാണ് ജോസഫ് ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച കേരള കോൺഗ്രസിന് രണ്ടു സീറ്റ് നൽകിയാൽ മൂന്നാമത്തെ സീറ്റെന്ന ആവശ്യം ലീഗ് ശക്തമാക്കുകയും അതിന് വഴങ്ങേണ്ടിയും വരും.

പി.ജെ ജോസഫിന്റെ അവകാശ വാദത്തെ തള്ളിയാൽ ജോസഫ് വിഭാഗം മുന്നണി വിട്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ജോസഫ് ഭാഗത്തെ നിലനിർത്തിക്കൊണ്ടുതന്നെ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാം എന്ന ആലോചനയിലാണ് യു.ഡി.എഫ് നേതൃത്വം. സീറ്റ് വിഭജന ചർച്ചകൾ ഉഭയകക്ഷി ചർച്ചയിൽ നടത്താമെന്നാണ് യു.ഡി.എഫ് തീരുമാനം. മൂന്നാം തിയതി കെ.പി.സി.സി പ്രസിഡന്റ് ജന മഹായാത്ര തുടങ്ങുകയാണ്. യാത്രക്കിടയിൽ തന്നെ ആയിരിക്കും സീറ്റ് വിഭജന ചർച്ചകൾ നടക്കുക.

Tags:    

Similar News