ജെ.ഡി.എസ് യോഗത്തില്‍ പൊട്ടിത്തെറി
നേതൃത്വം പരാജയമാണെന്നാരോപിച്ച് ജോസ് തെറ്റയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ലോകസഭ സീറ്റ് ലഭിക്കാത്തതിനെ ചൊല്ലി ജെ.ഡി.എസ് യോഗത്തില്‍ പൊട്ടിത്തെറി. സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. നേതൃത്വം പരാജയമാണെന്നാരോപിച്ച് ജോസ് തെറ്റയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
കോട്ടയം സീറ്റ് വിട്ട് നല്‍കണമെന്ന പാര്‍ട്ടിയുടെ ആവശ്യം ഇടതുമുന്നണി തളളിയതിന് പിന്നാലെയാണ് ജെ.ഡി.എസ് സംസ്ഥാന സമിതി തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം അംഗങ്ങള്‍ ഉയര്‍ത്തി. സിറ്റിംഗ് സീറ്റായ കോട്ടയം പോലും ലഭിക്കാത്തത് നേതൃത്വത്തിന്റെ കഴിവ് കേടാണെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗത്തിന്റേയും വിമര്‍ശനം. സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ മുന്നണി വിടണമെന്നും സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.
പ്രതിഷേധ സൂചകമായി മുതിര്‍ന്ന നേതാവ് ജോസ് തെറ്റയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പാര്‍ട്ടിക്കുളള അമര്‍ഷം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണെന്നും ഫാസിസ്റ്റ് ശക്തികള്‍ വരാതിരിക്കാനായി എല്‍.ഡി.എഫിനെ പിന്തുണക്കുകയാണെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടി യോഗ ശേഷം വിശദീകരിച്ചു.
പാര്‍ട്ടിയുടെ പ്രതിഷേധം രേഖപ്പെടുത്തിയ പ്രമേയവും യോഗം പാസാക്കി. കോട്ടയമില്ലെങ്കില്‍ തിരുവനന്തപുരം, ചാലക്കുടി, എറണാകുളം സീറ്റുകളിലേതെങ്കിലും വേണമെന്ന ആവശ്യം ജെ.ഡി.എസ് സി.പി.എമ്മിന് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇതും സി.പി.എം നേതൃത്വം തളളുകയായിരുന്നു.