മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒളിയമ്പ്
അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വേദനിക്കും.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഒഴിവാക്കാനായി ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന അന്തര്‍ നാടകങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒളിയമ്പ്. അപ്രിയ സത്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്ന് ആവര്‍ത്തിച്ചതിനെ പിന്നാലെയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇക്കാര്യത്തിലുള്ള പങ്കാളിത്തത്തെപ്പറ്റി മുല്ലപ്പള്ളി സൂചന നല്‍കിയത്. പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണത്തോട് പ്രതിപക്ഷ നേതാവിന്റെ മറുപടി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാതിരിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ചില അന്തര്‍ നാടകങ്ങള്‍ അരങ്ങേറിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. അത് സി.പി.എമ്മല്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞുവെച്ചു. ഇന്നു മാധ്യമങ്ങളെ വീണ്ടും കണ്ടപ്പോള്‍ അപ്രിയ സത്യങ്ങള്‍ ഒരിക്കല്‍ വെളിവാക്കുമെന്ന് ആദ്യം ആവര്‍ത്തിച്ചു. അപ്പോഴാണ് ആ അപ്രിയസത്യങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വിഷമിപ്പിക്കുമോയെന്ന ചോദ്യം ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം നിഷേധിക്കാതെയായിരുന്നു മുല്ലപ്പള്ളി മറുപടി പറഞ്ഞ് വെച്ചത്.
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ച ശേഷവും അന്തര്‍നാടകങ്ങള്‍ വെളിപ്പെടുത്തുമെന്ന് മുല്ലപ്പള്ളി ആവര്‍ത്തിക്കുന്നത് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള ചിലരെ ലക്ഷ്യമിട്ടാണെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ പറയുമെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.