വയനാട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥി ആരെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം; മുഖ്യമന്ത്രി
രാജ്യത്ത് നടന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, ഘര്‍വാപസി ഇതിനൊക്കെ എതിരെ കോണ്‍ഗ്രസ് എന്ത് നിലപാടാണ് എടുത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി നേരിടുന്ന ബി.ജെ.പി സ്ഥാനാര്‍ഥി ആരെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത്പക്ഷത്തെ നേരിടാനാണ് രാഹുല്‍ എത്തുന്നത്. രാഹുലിനെ അങ്കത്തട്ടില്‍ വെച്ച് കാണാമെന്നും പിണറായി പറഞ്ഞു. കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബി.ജെ.പിയെ നേരിടുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന് എന്തുപറ്റി. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ആരെയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെ മാത്രമല്ല, കോണ്‍ഗ്രസിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് നടന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, ഘര്‍വാപസി ഇതിനൊക്കെ എതിരെ കോണ്‍ഗ്രസ് എന്ത് നിലപാടാണ് എടുത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. മണ്ഡലത്തില്‍ കോഴിക്കോട് ബീച്ചിന് പുറമെ താമരശേരിയിലെ പ്രചാരണ റാലിയിലും മുഖ്യമന്ത്രി പങ്കെടുത്തു.