പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; രാഘവനെതിരെ വീണ്ടും പരാതി

രാഘവന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ പറയുന്നു

Update: 2019-04-09 05:54 GMT

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ നാമനിര്‍ദേശ പത്രിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാഘവന്‍ പ്രസിഡന്റായ സഹകരണ സ്ഥാപനത്തിന്റെ ബാധ്യത നാമനിര്‍ദേശ പത്രികയില്‍ നിന്നും മറച്ചു വെച്ചുവെന്നാണ് സി.പി.എം ആരോപണം. എന്നാല്‍ താന്‍ ആവശ്യമായ വിശദാംശങ്ങളെല്ലാം പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു രാഘവന്റെ പ്രതികരണം.

Full View

അഗ്രീന്‍കോ ഫ്രൂട്ട് പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡില്‍ എം.കെ രാഘവനും മറ്റ് ഡയറക്ടര്‍മാര്‍ക്കും 29 കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഇതില്‍ റവന്യു റിക്കവറി നടപടികള്‍ നേരിടുകയാണ്. റവന്യൂ റിക്കവറിക്ക് നല്‍കിയിരുന്ന സ്റ്റേ മാര്‍ച്ച് 31 ഓടെ അവസാനിച്ചു. എന്നിട്ടും അതിന് ശേഷം സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികയില്‍ ബാധ്യതയുടെ വിശദാംശങ്ങള്‍ എം.കെ രാഘവന്‍ മറച്ചു വെച്ചുവെന്നാണ് എ.പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ പി.എ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി. ആര്‍ട്ടിക്കിള്‍ 102(1)c പ്രകാരം രാഘവനെ അയോഗ്യനാക്കാനുള്ള മതിയായ കാരണമാണിതെന്നും റിയാസിന്റെ പരാതിയിലുണ്ട്. നാമനിര്‍ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു . സി.പി.എമ്മിന്റെ പരാതിയെ രാഘവന്‍ തള്ളി.

സൂഷ്മ പരിശോധനയടക്കം പൂര്‍ത്തിയായ ശേഷം ഉന്നയിച്ച പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കില്ലെന്നാണ് സൂചന. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് ശേഷം നിയമ നടപടി സ്വീകരിക്കാനുള്ള നീക്കമായി കൂടിയാണ് സി.പി.എമ്മിന്റെ പരാതിയെന്നാണ് വിലയിരുത്തല്‍.

Full View
Tags:    

Similar News