ഒളിക്യാമറാ വിവാദം; എം.കെ രാഘവനെതിരെ കേസെടുക്കും 

ദൃശ്യങ്ങളുടെ ആധികാരിത തെളിയിക്കാന്‍ കേസെടുക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കി.

Update: 2019-04-20 13:56 GMT
Advertising

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം പോലീസിനെ ഉപയോഗിച്ച് രാഘവനെ സി.പി.എം വേട്ടയാടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്.

ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്‍കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം.

അതേസമയം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് എം.കെ രാഘവനും പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ചാനലില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷമാണ് അന്വേഷണ സംഘം ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് നല്കിയത്. ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ടും കണ്ണൂര്‍ റേഞ്ച് ഐജി കൈമാറി. ഈ റിപ്പോര്‍ട്ടിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്.

Full View
Tags:    

Similar News