എം.കെ രാഘവനെതിരെ കേസെടുക്കാനുള്ള പൊലീസ് നീക്കം ആസൂത്രിതമെന്ന് ലീഗ്
രാഷ്ട്രീയ പ്രേരിതമായ നടപടികൾ യു.ഡി.എഫ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒളിക്യാമറാ വിവാദത്തില്‍ എം.കെ രാഘവനെതിരെ കേസ് എടുക്കാനുള്ള പൊലീസ് നീക്കം ആസൂത്രിതമാണെന്ന് മുസ്‍ലിം ലീഗ്.യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയ പ്രേരിതമായ നടപടികളെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ ആക്ഷേപത്തില്‍ കഴമ്പില്ലെന്ന മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. രാഘവന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് എല്‍.ഡി.എഫും ആവശ്യപ്പെട്ടു.
എം.കെ രാഘവനെതിരെ ഒളിക്യാമറ വിവാദത്തില്‍ പൊലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് യു.ഡി.എഫ് നേതൃത്വം രംഗത്ത് എത്തിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയിരിക്കുന്നതായും യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍ യു.ഡി.എഫിന്റെ ആരോപണത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ദൃശ്യങ്ങള്‍ കൃത്യമമല്ലെന്ന പ്രാഥമിക റിപ്പോര്‍ട്ട് വന്നതോടെ ധാര്‍മിക ബോധമുള്ള പൊതു പ്രവര്‍ത്തകനാണെങ്കില്‍ മത്സര രംഗത്ത് നിന്ന് രാഘവന്‍ പിന്‍മാറണമെന്നാണ് എല്‍.ഡി.എഫിന്റെ ആവശ്യം.