ഒളികാമറ വിവാദത്തില്‍ എം.കെ രാഘവന്‍റെ മൊഴി രേഖപ്പെടുത്തി
കലക്ട്രേറ്റില്‍ വിളിച്ച് വരുത്തിയാണ് മൊഴിരേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് നല്കും
ഒളികാമറ വിവാദത്തില്‍ എം കെ രാഘവന്‍റെ മൊഴി കോഴിക്കോട് ജില്ലാകലക്ടര്‍ രേഖപ്പെടുത്തി. കലക്ട്രേറ്റില്‍ വിളിച്ച് വരുത്തിയാണ് മൊഴിരേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.
കോഴിക്കോട് നഗരത്തില്‍ ഭൂമി വാങ്ങുന്നതിന് സഹായം നല്‍കാന്‍ എം.കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന ടി.വി ചാനലിന്‍റെ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്മേലുള്ള വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായാണ് ജില്ലാവരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ സാംബശിവറാവു എം.കെ രാഘവന്‍റെ മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറിലെത്തിയ എം.കെ രാഘവന്‍ തന്‍റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു. ഇതിന് ശേഷം എം.കെ രാഘവന്‍റെ സെക്രട്ടറി ശ്രീകാന്തിന്‍റെയും മൊഴിയെടുത്തിട്ടുണ്ട്. എം.കെ രാഘവന്‍ നടത്തിയത് ചട്ടലംഘനവും അഴിമതിയുമാണെന്ന് കാണിച്ച് എല്‍.ഡി.എഫും തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്നും ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയില്‍ തന്‍റെ ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ത്തതാണെന്ന് എം.കെ രാഘവനും പരാതി നല്‍കിയിരുന്നു.
എം.കെ രാഘവന് പുറമെ പരാതിക്കാരുടെ മൊഴിയും കലക്ടര്‍ രേഖപ്പെടുത്തും. രണ്ട് ദിവസത്തിനുള്ളില്‍ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. എം.കെ രാഘവനെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.വി പ്രദീപ് കുമാര്‍ അന്വേഷണം ആരംഭിച്ചു.