വീണ്ടും കോടതി മാറ്റം; ബാംഗ്ലൂർ സ്ഫോടനക്കേസ് വിചാരണ വൈകും

പത്തു വർഷത്തോളമായി വിവിധ കോടതികളിലാണ് സ്ഫോടനക്കേസിന്റെ വിചാരണ നടന്നു വരുന്നത്

Update: 2021-03-26 16:12 GMT

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസിന്റെ വിചാരണ വീണ്ടും വൈകും. ബംഗളൂരുവിലുള്ള യു എ പി എ കേസുകൾ ഒരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ നേതാവ് അഡ്വ.ത്വാഹിർ നൽകിയ പൊതു താല്പര്യ ഹർജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ തുടർന്നാണ് ഈ സാഹചര്യം ഉടലെടുത്തത്. അൻപത്തിയേഴ് കേസുകളുള്ള പുതിയ കോടതിയിലേക്ക് കേസ് മാറ്റിയാൽ തന്റെ കേസിന്റെ നടപടിക്രമങ്ങൾ വൈകുമെന്നതിനാൽ അതിൽ നിന്ന് തന്റെ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി ഈ ഹർജിയിൽ കക്ഷി ചേർന്നിരുന്നു.

Advertising
Advertising

എന്നാൽ പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക്, ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് എന്നിവരാണ് ഹർജി പരിഗണിച്ചത്. പത്തു വർഷത്തോളമായി വിവിധ കോടതികളിലാണ് സ്ഫോടനക്കേസിന്റെ വിചാരണ നടന്നു വരുന്നത്. ആദ്യം ജയിൽ വളപ്പിലെ കോടതിയിൽ നടന്നുവന്ന വിചാരണ, ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ബാഗ്ലൂരു സിറ്റി സിവിൽ കോടതിയിലുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റുകയും അവിടെയുള്ള 49-ാമത് കോടതിയിൽ വിചാരണ നടന്ന് വരികയുമാണ്.

2014 ൽ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയിൽ വിചാരണ നാലു മാസത്തിനകം പൂർത്തിയാക്കുമെന്ന് കർണ്ണാടക സർക്കാർ സുപ്രിം കോടതിക്ക് ഉറപ്പു നൽകിയിരുന്നു. 2016ൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രിം കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News