'ഗുജറാത്ത് മുസ്‌ലിംകള്‍ ചുട്ടെരിക്കപ്പെട്ടത് നമസ്‌കരിക്കാത്തതിനാല്‍, അതിനു പറ്റിയ ആളെ അല്ലാഹു മുഖ്യമന്ത്രിയായി നിയമിച്ചു': അബ്ദുല്‍ ഹകീം അസ്ഹരി

"ഗുജറാത്തിലെ ജനങ്ങള്‍ നിസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം, ആരാ ചെയ്യേണ്ടത്? അത്... അല്ലാഹു അതിന് പറ്റിയ ആളുകളെ അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഒക്കെ നിയമിക്കും"

Update: 2021-03-30 06:08 GMT

മലപ്പുറം: ഗുജറാത്ത്, റോഹിങ്ക്യന്‍, ഫലസ്തീന്‍ മുസ്‌ലിംകള്‍ വംശഹത്യയ്ക്ക് ഇരയായത് നമസ്‌കരിക്കാത്തതിനുള്ള ശിക്ഷയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം) നേതാവ് എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിഷന്‍ 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് അസ്ഹരിയുടെ വിവാദ പ്രതികരണം.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അബ്ദുല്‍ ഹകീം അസ്ഹരി. ഫെബ്രുവരി 19ന് വെള്ളിയാഴ്ച നടത്തിയ പരാമര്‍ശം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കു നേരെ ആഗോള തലത്തില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും അവയ്ക്ക് പിന്നിലെ ഭരണകൂട ഇടപെടലിനെ കുറിച്ചുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.

Advertising
Advertising

ചോദ്യത്തിന് അസ്ഹരിയുടെ മറുപടിയിങ്ങനെ;

"ഒന്ന് ഫോട്ടോയില്‍ കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വീഡിയോയും ആര്‍ക്കും എങ്ങനെയും ഉണ്ടാക്കാം. അതു കൊണ്ട് കാണുന്നതൊക്കെ ശരിയാണ് എന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. രണ്ടാമത്തേത്, അങ്ങനെ അടി കിട്ടുകയും തൊഴി കിട്ടുകയും വീടു കത്തിക്കുകയും മറ്റുമൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ ആ നാട്ടിലെ മുസ്‌ലിംകള്‍ നിസ്‌കരിക്കുന്നവരായിരിക്കില്ല. റസൂല്‍ (മുഹമ്മദ് നബി) ഒരിക്കല്‍ പറഞ്ഞു, ഞാന്‍ വേറെ ആരെയെങ്കിലും നിസ്‌കരിക്കാന്‍ ഏല്‍പ്പിച്ചിട്ട് ഇതിലൊക്കെ ചുറ്റി നടന്ന് നിസ്‌കരിക്കാന്‍ വരാത്ത ആളുകളുടെ വീടൊക്കെ ചെന്ന് കരിച്ചാലോ എന്ന് ആലോചിച്ചു എന്ന്. നിസ്‌കരിക്കാതിരിക്കുക എന്നു പറഞ്ഞാല്‍ അത്രയും വലിയ കുറ്റമാണ്. പക്ഷേ, നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ പാടില്ല. ഭരണാധികാരികളാണ് അതു നടപ്പിലാക്കേണ്ടത്. അപ്പോ ഗുജറാത്തിലെ ജനങ്ങള്‍ നിസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം, ആരാ ചെയ്യേണ്ടത്? അത് അല്ലാഹു അതിന് പറ്റിയ ആളുകളെ അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഒക്കെ നിയമിക്കും. അപ്പോള്‍ ഈമാനില്ലാത്തതിന്റെയും (വിശ്വാസം) ഇബാദത്തില്ലാത്തതിന്റെയും (ആരാധന) കാരണം കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ സംഭവിക്കുന്നത്"

Full View

അതേസമയം, പൊതുപരിപാടിയിലല്ല, വിദ്യാര്‍ത്ഥികളോടാണ് താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് അസഹരിയുടെ ഓഫീസ് വിശദീകരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News