വയനാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ 242 ക്രിമിനല്‍ കേസ്; 237 കേസ് ശബരിമല പ്രതിഷേധവുമായുമായി ബന്ധപ്പെട്ടത്

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്

Update: 2024-03-30 07:14 GMT

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വയനാട്ടില്‍  എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായി മത്സരിക്കുന്ന കെ സുരേന്ദ്രന് 242 ക്രിമിനല്‍ കേസുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്.

നിയമപ്രകാരം സുരേന്ദ്രന്‍ തന്റെ കേസുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ പാര്‍ട്ടി മുഖപത്രത്തില്‍ മൂന്ന് പേജുകളിലായി പ്രസിദ്ധീകരിച്ചിരുന്നു.

അതുപോലെ ബി.ജെ.പി എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണനെതിരെ 211 കേസുകളും ഉണ്ട്.

'2018ല്‍ നടന്ന ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും. മിക്ക കേസുകളും കോടതിയിലാണ്. പാര്‍ട്ടി നേതാക്കള്‍ സമരമോ പ്രതിഷേധമോ നടത്തുമ്പോള്‍ പൊലീസ് അതുമായി ബന്ധപ്പെട്ട് കേസെടുക്കും'. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പി.ടി.ഐയോട് പറഞ്ഞു.

Advertising
Advertising

സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ നിര്‍ബന്ധമായും പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ 242 കേസുകളില്‍ 237 കേസുകള്‍ ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടാണെന്നും അഞ്ചെണ്ണം കേരളത്തില്‍ വിവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 2018ല്‍ ബി.ജെ.പിയും അനുബന്ധ പാര്‍ട്ടികളും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ കേസിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

അതിനിടെ സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, പാര്‍ട്ടിയുടെ ആലപ്പുഴ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, വടകര സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് ട്വീറ്റ് ചെയ്തു 'ഭാരതത്തിന്റെ ചില ഭാഗങ്ങളില്‍ ദേശീയവാദിയാകാന്‍ പ്രയാസമാണെ'ന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News