സിഎംഡിആർഎഫിലേക്ക് പണം പിടിച്ചു നൽകാത്തതിന്റെ പേരിൽ തടഞ്ഞുവെച്ച ഡിഡിഒമാരുടെ ശമ്പളം നൽകാൻ തീരുമാനം
ഡിഡിഒമാരുടെ ശമ്പളം തടഞ്ഞുവെച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
തിരുവനന്തപുരം: സിഎംഡആർഎഫിലേക്ക് പണം പിടിച്ചു നൽകാത്തതിന്റെ പേരിൽ തടഞ്ഞുവെച്ച ഡിഡിഒമാരുടെ ശമ്പളം നൽകാൻ തീരുമാനമായി. ഉദ്യോഗസ്ഥരുടെ വിഹിതം സിഎംഡിആർഎഫിലേക്ക് മാറ്റാൻ ഡിഡിഒമാർക്ക് ധനവകുപ്പ് മൂന്നുമാസം കൂടി സമയം അനുവദിച്ചു. സിഎംഡിആർഎഫ് അക്കൗണ്ടിലേക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ വിഹിതം മാറ്റാത്ത ശമ്പള ബില്ലുകൾ തയ്യാറാക്കുന്ന ഡ്രോയിങ് ആൻഡ് ഡിസ്‌ബേർസിങ്ങ് ഓഫീസർമാരുടെ ശമ്പളം തടഞ്ഞുവെച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
ചൂരൽമല -മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സിഎംഡിആർഎഫിലേക്ക് ഉദ്യോഗസ്ഥരുടെ വിഹിതം മാറ്റാത്ത ഡിഡിഓമാർക്ക് എതിരെയായിരുന്നു നടപടി. എന്നാൽ പണം നൽകാൻ ഉദ്യോഗസ്ഥർക്ക് വ്യത്യസ്ത മാർഗ്ഗങ്ങൾ ഉണ്ടായതുകൊണ്ട് ഇതിൻറെ പേപ്പർ വർക്കുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാലാണ് വിഹിതം സിഎംഡിആർഎഫിലേക്ക് മാറ്റാൻ കഴിയാതിരുന്നത്. ഇതിന്റെ പേരിൽ ശമ്പളം തടഞ്ഞുവെച്ച നടപടി അന്യായമാണെന്നായിരുന്നു ഡിഡിഒമാരുടെ പരാതി.