15 വർഷം നീണ്ട ലീഗ് ഭരണത്തിന് അന്ത്യം; മലപ്പുറത്തെ ഈ പഞ്ചായത്ത് ഇനി കോൺഗ്രസ്- സിപിഎം സഖ്യം ഭരിക്കും

മലപ്പുറം ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലും ​ വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്.

Update: 2025-12-13 13:39 GMT

മലപ്പുറം: ചില പ്രത്യേക സാഹചര്യങ്ങളിൽ ചിരവൈരികളായ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കൈകൊടുക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഒരു പ്രധാനപാർട്ടി തങ്ങളുടെ എതിരാളികളുമായി സഖ്യമുണ്ടാക്കുന്നത് അവരുടെ തന്നെ സഖ്യകക്ഷിക്കെതിരെയാണെങ്കിലോ? മലപ്പുറത്താണ് അത്തരമൊരു രാഷ്ട്രീയക്കളി. പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് സഖ്യമുണ്ടാക്കിയിരിക്കുന്നത് സിപിഎമ്മുമായിട്ടാണ്. അതും ലീ​ഗിനെതിരെ.

15 വർഷത്തെ മുസ്‌ലിം ലീഗിന്റെ ഭരണം അവസാനിപ്പിച്ചാണ് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഇനി കോൺഗ്രസ്- സിപിഎം സഖ്യം ഭരിക്കുക. ആകെയുള്ള 18 സീറ്റിൽ കോൺഗ്രസ് പത്തും സിപിഎം മൂന്നും സീറ്റും നേടി. നാല് സീറ്റിൽ മുസ്‌ലിം ലീഗും ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയും വിജയിച്ചു. വിജയത്തിനു പിന്നാലെ പൊന്മുണ്ടത്ത് സിപിഎം- കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടേയും ഒരുമിച്ചുള്ള ആഹ്ലാദ പ്രകടനവും അരങ്ങേറി.

Advertising
Advertising

അതേസമയം, മലപ്പുറം ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലും ​വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷമില്ലാതെയാണ് യുഡിഎഫ് അധികാരം പിടിച്ചത്. ആകെയുള്ള 33 ഡിവിഷനുകളില്‍ 33ഉം യുഡിഎഫ് തൂത്തുവാരി. കഴിഞ്ഞതവണ രണ്ട് ഡിവിഷനുകളിലായിരുന്നു എൽഡിഎഫ് വിജയിച്ചിരുന്നത്. 2025ൽ അതും യുഡിഎഫ് പിടിച്ചെടുത്തു.

മംഗംലം, വഴിക്കടവ് ഡിവിഷനുകളിലായിരുന്നു കഴിഞ്ഞ വർഷം എൽഡിഎഫ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ വഴിക്കടവ് ഡിവിഷൻ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് അട്ടിമറി വിജയം നേടിയ ഷെറോണയിലൂടെ ചുങ്കത്തറയിലും അട്ടിമറി നടത്താനാവുമെന്നാണ് എൽഡിഎഫ് കരുതിയത്. എന്നാല്‍ ചുങ്കത്തറ കിട്ടിയതുമില്ല. വഴിക്കടവ് പോവുകയും ചെയ്തു.

ആകെയുള്ള 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14ഉം യുഡിഎഫ് സ്വന്തമാക്കിയപ്പോൾ ഒരൊറ്റ ബ്ലോക്ക് മാത്രം എൽഡിഎഫിനൊപ്പം നിന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. അരീക്കോട്, കാളികാവ്, കൊണ്ടോട്ടി, കുറ്റിപ്പുറം, മലപ്പുറം, മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ, പെരുമ്പടപ്പ്, താനൂർ, തിരൂർ, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ എന്നീ 14 ബ്ലോക്കുകളിലും യുഡിഎഫാണ് വിജയക്കൊടി പാറിച്ചത്.

90 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന്റെ നേട്ടം വെറും മൂന്നിലൊതുങ്ങി. മുൻസിപ്പാലിറ്റികളിലും യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. ആകെയുള്ള 12 മുനിസിപ്പാലിറ്റികളിൽ 11ഉം യിഡിഎഫ് സ്വന്തമാക്കിയപ്പോൾ എൽഡിഎഫിന്റെ നേട്ടം ഒന്നിലൊതുങ്ങി. പൊന്നാനി മുനിസിപ്പാലിറ്റിയാണ് എൽഡിഎഫ് വിജയക്കൊടി പാറിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News