മഅ്ദനിയെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം-എസ്.ഐ.ഒ

'കർണാടക സർക്കാരിന്റെ നടപടി ഒരു പൗരനോട് ചെയ്യുന്ന തുറന്ന അനീതിയും ഹിംസയുമാണ്. കർണാടകയുടെ മനുഷ്യത്വവിരുദ്ധ നടപടിയിൽ സുപ്രിംകോടതി രൂക്ഷവിമർശനം ഉന്നയിച്ചിട്ടുമുണ്ട്.'

Update: 2023-04-28 12:59 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: അബ്ദുന്നാസർ മഅ്ദനിയെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഐ.ഒ. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സുപ്രിംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവുനൽകിയ ശേഷവും മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര തടയുന്ന സമീപനമാണ് കർണാടക സർക്കാർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ ആവശ്യപ്പെട്ടു.

സുപ്രിംകോടതിയുടെ ജാമ്യ ഇളവുകൾക്കുശേഷവും 'സുരക്ഷ'യുടെ പേരുപറഞ്ഞ് 50 ലക്ഷം കെട്ടിവയ്ക്കണമെന്ന് കർണാടക സർക്കാർ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും നിയമസംഹിതയോടുള്ള തുറന്നെതിർപ്പുമാണ്. ഭരണകൂടത്തിന്റെ അതിക്രൂരവും മനുഷ്യത്വവിരുദ്ധവുമായ പതിറ്റാണ്ടുകൾ നീണ്ട ഹിംസകൾക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന മഅ്ദനിയെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന ഈ വാർധക്യത്തിലും സുപ്രിംകോടതി വിധിയെ പോലും വകവയ്ക്കാതെ പൗരാവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാൻ സാധ്യമല്ലെന്നും സഈദ് പറഞ്ഞു.

കർണാടക സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നടപടിയിൽ സുപ്രിംകോടതി രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ കർണാടക സർക്കാർ ചെയ്യുന്നതെന്ന് കോടതി ചോദിച്ചിരുന്നു. കർണാടക സർക്കാരിന്റെ ഈ നടപടി ഒരു പൗരനോട് സർക്കാർ ചെയ്യുന്ന തുറന്ന അനീതിയും ഹിംസയുമാണ് എന്നിരിക്കെ കേരള സർക്കാർ മഅ്ദനിയെ നാട്ടിലെത്തിക്കാൻ ഉടനടി ഇടപെടണം. അത് നിയമസംഹിതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു സർക്കാർ അനിവാര്യമായും ചെയ്യേണ്ട കടമയാണെന്നും മുഹമ്മദ് സഈദ് ചൂണ്ടിക്കാട്ടി.

Summary: Kerala state president of SIO Muhammed Saeed TK demanded that the state government should intervene urgently to bring Abdul Nasir Maudany home

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News