വേദനകൾക്കിടയിലും അബൂബക്കറിന് ആശ്വസിക്കാം; മലവെള്ളം കവർന്നെടുത്ത മുച്ചക്രവാഹനം വാങ്ങിനൽകാമെന്ന് അൻവർ സാദത്ത് എം.എൽ.എ
മീഡിയാവൺ വാർത്തയെതുടർന്നാണ് സഹായം വാഗ്ദാനം ലഭിച്ചത്
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പുഞ്ചിരിമട്ടം സ്വദേശി ഭിന്നശേഷിക്കാരനായ അബൂബക്കറിന് വാഹനം വാങ്ങിനൽകാമെന്ന് അൻവർ സാദത്ത് എം.എൽ.എ. അബൂബക്കറിന് തന്റെ 'കൈയ്യും കാലു'മായിരുന്ന വാഹനം നഷ്ടപ്പെട്ട വാർത്ത മീഡിയാവൺ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് അൻവർ സാദത്ത് എം.എൽ.എ സഹായവുമായി എത്തിയത്. ദുരന്തമുഖത്തുനിന്ന് വാർത്ത നൽകിയ മീഡിയാവൺ റിപ്പോർട്ടർ മഹേഷ് പോലൂരിനെ എം.എൽ.എ നേരിട്ട് വിളിക്കുകയും അബൂബക്കറിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു.
ഒരാഴ്ചമുമ്പുണ്ടായ ഉരുൾ അപകടത്തിലാണ് അബൂബക്കറിന്റെ വാഹനം മലവെള്ളം കവർന്നെടുത്തത്. ഭാര്യയേയും മകനേയും മരുമകളേയും കൂട്ടി ജീവൻ സുരക്ഷിതമാക്കാനുള്ള വെപ്രാളത്തിൽ വാഹനമുൾപ്പെടെ എല്ലാം ഉപേക്ഷിക്കേണ്ടി വന്നു.
കഴിഞ്ഞ 11 വർഷം തന്റെ ആത്മമിത്രമായിരുന്ന വാഹനം നഷ്ടപ്പെട്ടതിന്റെ വേദന മാത്രമല്ല അബൂബക്കറിനുള്ളത്. തന്റെ രണ്ട് സഹോദരന്മാരും അവരുടെ കുടുംബം മുഴുവനും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഉരുൾപൊട്ടലവസാനിക്കുന്ന നൊമ്പരകാഴ്ചകളിൽ ഒരാളായിമാറുകയാണ് അബൂബക്കറും.