'അവന്മാരെ കൊന്നുകളയണം എന്നാണ് അന്നെനിക്ക് തോന്നിയത്, വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ ഞാനാളല്ല'; നടന്‍ ലാല്‍
''അന്ന് ആ കുട്ടി വീട്ടിൽ വന്നപ്പോൾ ഞാനാണ് ബെഹ്റയെ വിളിച്ചതെന്നും അല്ലാതെ പി.ടി തോമസല്ല''
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ ശിക്ഷിച്ചതില്‍ സന്തോഷവാനെന്ന് നടനും സംവിധായകനുമായ ലാൽ. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് താൻ പ്രാർഥിച്ചത്. അന്ന് ആ കുട്ടി വീട്ടിൽ വന്നപ്പോൾ ഞാനാണ് ബെഹ്റയെ വിളിച്ചത്, അല്ലാതെ പി.ടി തോമസല്ലെന്നും ലാല്‍ പറഞ്ഞു.
'പ്രതികളെ കൊന്നുകളയണം എന്നാണ് അന്ന് തനിക്ക് തോന്നിയത്. അവർക്ക് പരമാവധി ലഭിക്കണമെന്നാണ് പ്രാർഥിച്ചത്. വിധിയിൽ സന്തോഷവാനാണ്. ഗൂഢാലോചന പിന്നീട് ഉയർന്നുവന്ന കാര്യമാണ്. അതിനെക്കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ പൊലീസിനും അഭിഭാഷകർക്കും അറിയാം. അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പൂർണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. ഈ കേസ് തെളിയിക്കാൻ എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു.' ലാല്‍ പറഞ്ഞു.
'ബെഹ്‌റയെ ആദ്യം വിളിച്ച് പറഞ്ഞത് ഞാനാണ്, പി ടി തോമസ് അല്ല. മാർട്ടിനെ ആശുപത്രിയിൽ എത്തിക്കണമെന്ന് പി.ടി തോമസ് പറഞ്ഞപ്പോഴും അവന്റെ അഭിനയം ശരിയല്ല എന്ന് പറഞ്ഞതും ഞാനാണ്. ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് മാർട്ടിനെ പൊലീസ് കൊണ്ടുപോയത്. ഞാൻ ചെയ്ത ഒരു വലിയ കാര്യമാണതെന്ന് വിശ്വസിക്കുന്നു. അതില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. മേൽകോടതികളിലേക്ക് കേസ് പോയാലും തനിക്ക് പറയാനുള്ളതെല്ലാം പറയും. വിധി ശെരിയോ തെറ്റോ എന്ന് പറയാൻ ആളല്ല.വിധി പകർപ്പ് പുറത്തുവന്നിട്ടില്ല. തെളിവില്ല എന്നാകാം, കുറ്റവാളിയെ അല്ല എന്നാകാം, തെളിവ് ശേഖരിക്കാൻ പറ്റിയിട്ടില്ല എന്നാകാം. ഇതൊന്നും അറിയാത്തിടത്തോളം ഊഹാപോഹങ്ങൾ പറയാനില്ല'.. ലാല്‍ പറഞ്ഞു.