'പൊതു ശുചിമുറികൾ നിർമിക്കാൻ അധികാരികളോട് ആവശ്യപ്പെടുകയായിരുന്നു വേണ്ടത്'; പെട്രോൾ പമ്പിലെ ശുചിമുറി സംബന്ധിച്ച ഉത്തരവിൽ നടി കൃഷ്ണപ്രഭ
പെട്രോൾ പമ്പിലെ ശുചിമുറികൾ ഉപഭോക്താക്കൾക്ക് മാത്രമാണെന്നും പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല എന്നുമായിരുന്നു കോടതി ഉത്തരവ്.
കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് നടി കൃഷ്ണപ്രഭ. ദൂരയാത്ര ചെയ്യുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് പ്രതേകിച്ച് സ്ത്രീകൾക്ക് ഏറ്റവും ഉപകാരപ്രദമാണ് പെട്രോൾ പമ്പുകളിലെ ശുചിമുറികൾ. അതിന് പ്രധാന കാരണം നമ്മുടെ നാട്ടിൽ പൊതു ശുചിമുറികൾ വേണ്ടത്ര ഇല്ലെന്നത് തന്നെയാണ്. നാഷണൽ, സ്റ്റേറ്റ് ഹൈവേയിലൂടെ യാത്ര ചെയ്താൽ എത്ര സ്ഥലങ്ങളിൽ പൊതു ശുചിമുറികൾ കാണാൻ സാധിക്കും? അതിനൊരു പരിഹാരമല്ലേ ആദ്യം വേണ്ടത്? അതിന് ബന്ധപ്പെട്ട അധികാരികളോട് വേണ്ടത് ചെയ്യാൻ ഉത്തരവ് ഇടുകയല്ലേ വേണ്ടത്? അല്ലാതെ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്ന പമ്പുകളിലെ ശുചിമുറികൾ കൂടി ഉപയോഗിക്കാൻ പറ്റാത്ത ഒരു ഉത്തരവ് ഇറക്കിയാൽ സാധാരണക്കാരായ ജനങ്ങൾ എന്ത് ചെയ്യുമെന്നും കൃഷ്ണപ്രഭ ചോദിച്ചു.
ഭൂരിഭാഗം പമ്പുകളും ശുചിമുറി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചാൽ സമ്മതിക്കുന്നവരാണ്. ഈ വിധി വന്നെന്ന് പറഞ്ഞാലും അതിൽ വലിയ മാറ്റം വരില്ല. എന്നാൽ ചിലയിടത്ത് നിന്ന് വളരെ മോശം അനുഭവം നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്! ഇങ്ങനെയൊരു ഉത്തരവ് വന്നതോടെ ഇനി അത്തരം പെരുമാറ്റങ്ങൾ കൂടാം എന്നതാണ് ആശങ്കയെന്നും കൃഷ്ണപ്രഭ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.