'അഹമ്മദാബാദ് വിമാന ദുരന്തം അട്ടിമറി തന്നെ'; ആരോപണവുമായി ബിജെപി ഇന്റലക്ച്വൽ സെൽ മുൻ മേധാവി

വിമാന ദുരന്തത്തിന് പിന്നിൽ പാകിസ്താൻ ആണെന്ന ആരോപണമാണ് ടി.ജി മോഹൻദാസ് ഉന്നയിക്കുന്നത്.

Update: 2025-06-13 18:02 GMT

കോഴിക്കോട്: അഹമ്മദാബാദ് വിമാന ദുരന്തം അട്ടിമറിയെന്ന ആരോപണവുമായി ബിജെപി ഇന്റലക്ച്വൽ സെൽ മുൻ മേധാവി ടി.ജി മോഹൻദാസ്. ബോയിങ് 787-8 ഡ്രീം ലൈനർ സീരീസിലുള്ള വിമാനം ഇതുവരെ ഒരു അപകടത്തിലും പെട്ടിട്ടില്ല. വിമാനം പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ അടിയന്തര സന്ദേശം ആവശ്യപ്പെട്ടുള്ള സന്ദേശം വന്നു. ഡിജിസിഎ തിരിച്ചുബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

വിമാനവുമായുള്ള എല്ലാ കമ്മ്യൂണിക്കേഷൻ സൗകര്യവും പ്രവർത്തിക്കാതാക്കാൻ ഇലക്ട്രോണിക് സംവിധാനത്തിന് മാത്രമേ കഴിയൂ. അതുകൊണ്ടാണ് അട്ടിമറിയെന്ന് സംശയിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നമ്മൾ അവരുടെ വീട് കയറി തല്ലി. നരേന്ദ്ര മോദിയും അമിത് ഷായും ഗുജറാത്തിൽ നിന്നുള്ളവരാണ്. അഹമ്മദാബാദ് ഗുജറാത്തിലാണ്. വിമാനം തകർന്നതിന് പിന്നിൽ പാകിസ്താൻ ആണെന്ന് 95 ശതമാനവും ഇതിലൂടെ ഉറപ്പാണെന്നും മോഹൻദാസ് പറഞ്ഞു.

Advertising
Advertising

പാകിസ്താൻ തുർക്കിയുടെ സഹായത്തോടെയാണ് വിമാനം അപകടത്തിൽപ്പെടുത്തിയത് എന്നാണ് മോഹൻദാസ് ആരോപിക്കുന്നത്. എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കരാർ തുർക്കി കമ്പനിക്കായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഈ കമ്പനിയുടെ കരാർ ഇന്ത്യ റദ്ദാക്കി. ഇതിന്റെ പക പോക്കാൻ തുർക്കി കമ്പനിക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കാൻ സാധ്യതയില്ലേ എന്ന് മോഹൻദാസ് ചോദിക്കുന്നു.

എയർ ഇന്ത്യ വിമാനത്തിന് ബോംബ് വെക്കുമെന്ന് ഗുർപത്‌വന്ത് സിങ് പന്നു എന്ന ഖലിസ്ഥാൻ നേതാവ് ഭീഷണി മുഴക്കിയിരുന്നു. ഇയാൾക്ക് അമേരിക്കയുടെയും കാനഡയുടെയും പിന്തുണയുണ്ട്. ഖലിസ്ഥാൻ പിന്തുണയോടെ പാകിസ്താൻ നടപ്പാക്കിയ ആക്രമണമാവാം അഹമ്മദാബാദിൽ സംഭവിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ഭീകരവാദികളുടെ വീട്ടിൽ കയറി അടിച്ചതിന് മോദിയുടെയും അമിത് ഷായുടെ നാട്ടിൽ നൽകിയ തിരിച്ചടിയാവാനും സാധ്യതയുണ്ടെന്നും ടി.ജി മോഹൻദാസും പറഞ്ഞു.

കേരള തീരത്ത് രണ്ട് കപ്പലുകൾ അപകടത്തിൽപ്പെട്ടതിന്റെ കാരണമെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. എന്തുകൊണ്ടാണ് കപ്പൽ മുങ്ങിയത് എന്ന് ആരും പറയുന്നില്ല. കപ്പലിൽ അപകടകരമായ സ്‌ഫോടക വസ്തുക്കൾ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ അത് എന്താണെന്ന് വ്യക്തമാക്കുന്നില്ല. ഇതിലും ദുരൂഹതയുണ്ടെന്നും ടി.ജി മോഹൻദാസ് ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News