'കോഴിക്കോട് ലോ കോളജിലെ എസ്എഫ്‌ഐ-എബിവിപി സഖ്യം വേണ്ടിവന്നാൽ വീണ്ടും സംഭവിക്കാം'; എ.കെ ബാലന്റെ പഴയ പരാമർശം ചർച്ചയാകുന്നു

2019-ൽ ശ്രീധരൻ പിള്ള മിസോറാം ഗവർണറായപ്പോൾ എ.കെ ബാലൻ അഭിനന്ദിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇതിലും എസ്എഫ്‌ഐ-എബിവിപി ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു.

Update: 2025-06-18 11:04 GMT

കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ലോ കോളജിൽ എസ്എഫ്‌ഐയും എബിവിപിയും സഖ്യമായി മത്സരിച്ചിരുന്നുവെന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ ബാലന്റെ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു. അനിവാര്യഘട്ടത്തിൽ സിപിഎം ആർഎസ്എസുമായി കൂട്ടുചേർന്നിട്ടുണ്ട് എന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ബാലന്റെ പഴയ പരാമർശവും ചർച്ചയാവുന്നത്.

ബിജെപി നേതാവും നിലവിൽ ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ളയുടെ ആറ് പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് 2017-ൽ എ.കെ ബാലൻ എസ്എഫ്‌ഐ-എബിവിപി ബന്ധത്തെക്കുറിച്ച് പറഞ്ഞത്. അന്ന് എസ്എഫ്‌ഐ-എബിവിപി സഖ്യമാണ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. സഖ്യത്തിന്റെ സ്ഥാനാർഥിയായിരുന്നു ശ്രീധരൻ പിള്ള. അനിവാര്യമെങ്കിൽ ഇരുസംഘടനകളും തമ്മിലുള്ള സഖ്യം ഇനിയും ആവർത്തിക്കുമെന്നും ബാലൻ പറഞ്ഞിരുന്നു.

Advertising
Advertising

2019-ൽ ശ്രീധരൻ പിള്ള മിസോറാം ഗവർണറായപ്പോൾ എ.കെ ബാലൻ അഭിനന്ദിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇതിലും എസ്എഫ്‌ഐ-എബിവിപി ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു.

പുതിയ സ്ഥാനലബ്ധിയിൽ ശ്രീധരൻ പിള്ളക്ക് അഭിനന്ദനം...മിസോറം ഗവർണറായി നിയമിക്കപ്പെട്ട പി.എസ് ശ്രീധരൻപിള്ള്ക്ക് ആശംസകൾ.

പുതിയ പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ഞാനും ശ്രീധരൻപിള്ളയും കോഴിക്കോട് ലോ കോളേജിൽ ഒന്നിച്ച് പഠിച്ചിട്ടുണ്ട്. പൊലീസിന്റെ പിടിയിൽ നിന്ന് സമർഥമായി രക്ഷപ്പെട്ടായിരുന്നു അന്നത്തെ വിദ്യാർഥി സംഘടനാ പ്രവർത്തനം. എസ്.എഫ്.ഐയും എ.ബി.വി.പിയും സ്വന്തം നിലയിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നടത്തി. കോൺഗ്രസ് സർക്കാരിന്റെ നയങ്ങളെയും വിദ്യാർഥി വിരുദ്ധ നടപടികളെയും എതിർക്കാൻ ചില ഘട്ടത്തിൽ യോജിച്ചും പ്രവർത്തിച്ചു.

അക്കാലത്ത് കോഴിക്കോട് ലോ കോളേജിൽ മാത്രം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു ആദ്യമായി തോറ്റു. എല്ലാവരും ചേർന്ന സ്വതന്ത്ര സംഘടനയാണ് കെ.എസ്.യുവിനെ തോൽപ്പിച്ചത്. കെ.എസ്.യു വിരുദ്ധ സംഘത്തിന്റെ ഈ വിജയമാണ് ഒറ്റ കോളേജിലും യൂണിയൻ തെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിക്കാൻ സർക്കാരിനെ നിർബ്ബന്ധിതമാക്കിയത്. 1975-76 കാലത്തെ ദുഷ്‌കരമായ വിദ്യാർഥി സംഘടനാ പ്രവർത്തനം ഇന്നും ഓർമയിൽ നിൽക്കുന്നു.

ശ്രീധരൻപിള്ള അംഗമായിരുന്ന വിദ്യാർഥി സംഘടനയെ സജീവമാക്കിയതിൽ അദ്ദേഹത്തിന്റെ പ്രത്യേക കഴിവുണ്ട്. സൗമ്യമായ പെരുമാറ്റം വിദ്യാർഥി സംഘടനാ കാലം മുതൽ പൊതുരംഗത്തു വരെ ഏറെക്കുറെ കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇടയ്‌ക്കൊക്കെ കൃത്രിമ കത്തിവേഷം പ്രകടിപ്പിക്കുമ്പോഴും അതൊന്നും സ്വാഭാവിക ശൈലിയായി തോന്നിയിട്ടില്ല. കുമ്മനത്തിന്റെ അനുഭവം ഉണ്ടാവാതിരിക്കട്ടെ...പുതിയ സ്ഥാനലബ്ധിയിൽ അദ്ദേഹത്തിന് ആശംസകൾ-    ഇതായിരുന്നു 2019 ഒക്ടോബർ 26-ലെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Full View

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു എം.വി ഗോവിന്ദൻ ആർഎസ്എസ് ബന്ധത്തെക്കുറിച്ച് പറഞ്ഞത്. ''അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു. അടിയന്തരാവസ്ഥ അർധഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കാവുന്നവരുമായൊക്കെ യോജിച്ചു''- ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി മുമ്പ് എൽഡിഎഫിനെ പിന്തുണച്ചത് ഓർമിപ്പിച്ചപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

പരാമർശം വിവാദമായതോടെ എം.വി ഗോവിന്ദൻ മലക്കംമറിഞ്ഞു. പറഞ്ഞത് 50 വർഷം മുമ്പുള്ള കാര്യമാണ്, രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണമായിരുന്നു അത്. ആർഎസ്എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ല. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News