ജനറൽ സെക്രട്ടറിമാരിൽ കെ.സിക്ക് മേൽക്കൈ, വനിതാ പ്രാതിനിധ്യം അഞ്ചിലൊതുങ്ങി

കെപിസിസി ഭാരവാഹി പട്ടികയിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണത്തിൽ ഉമ്മൻചാണ്ടി വിഭാഗത്തിന് അഞ്ചും രമേശ് ചെന്നിത്തല വിഭാഗത്തിന് നാലും ലഭിച്ചപ്പോൾ കെ.സി.വേണുഗോപാലിന് എട്ടു പേരെ നേടിയെടുക്കാൻ കഴിഞ്ഞു

Update: 2021-10-22 01:27 GMT
Editor : Nisri MK | By : Web Desk
Advertising

എ,ഐ ഗ്രൂപ്പ് മാനേജർമാരെയും വനിതകളെയും താക്കോൽ സ്‌ഥാനത്ത്‌ നിന്നും മാറ്റി നിർത്തിയാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തിറക്കിയത്. കെസി വേണുഗോപാലിനെ പിന്തുണക്കുന്നവരാണ് ജനറൽ സെക്രട്ടറിമാരിൽ ഭൂരിഭാഗവും. ഭാരവാഹി പട്ടിക 56 പേരിൽ ഒതുക്കാനായി എന്നത് നേട്ടമായി.

കെപിസിസി ഭാരവാഹി പട്ടികയിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണത്തിൽ ഉമ്മൻചാണ്ടി വിഭാഗത്തിന് അഞ്ചും രമേശ് ചെന്നിത്തല വിഭാഗത്തിന് നാലും ലഭിച്ചപ്പോൾ കെ.സി.വേണുഗോപാലിന് എട്ടു പേരെ നേടിയെടുക്കാൻ കഴിഞ്ഞു. കെ. സുധാകരനെ നേരത്തെ കെപിസിസി അധ്യക്ഷൻ ആക്കിയില്ലെന്നു കുറ്റപ്പെടുത്തി പാർട്ടി വിട്ടുപോയ കോഴിക്കോട്ടെ കെ.ജയന്തിന്, ജനറൽ സെക്രട്ടറി പദവി നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിക്കാതെ വിട്ടുനിന്നതിനാൽ ജയന്തിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നു കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാറും എംപി എംകെ രാഘവനും ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തെ മറികടന്നാണ് കെ.സുധാകരൻ കടുത്ത അനുയായിയെ ചേർത്ത് നിർത്തിയത്.

തരൂരിനെ പിന്തുണക്കുന്ന ജി.എസ് ബാബു, തിരുവഞ്ചൂരിന്‍റെ അനുയായിയായ പി.എ .സലീം, കെ.മുരളീധരൻ നിർദേശിച്ച മരിയാപുരം ശ്രീകുമാർ എന്നിവർക്കും ജനറൽ സെക്രട്ടറി പദവി നൽകി. വൈസ് പ്രസിഡന്‍റ് പദവിയിൽ വിടി ബൽറാം, വിജെ പൗലോസ് എന്നിവരെ ഉയർത്തിക്കാട്ടിയത് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു. കെ.സി വേണുഗോപാൽ അനുകൂലികളായ പഴകുളം മധു, പി.എം നിയാസ്, എം എം നസീർ എന്നിവരെ ജനറൽ സെക്രട്ടറിമാരായി നിലനിർത്തിയപ്പോൾ രമേശ് ചെന്നിത്തലയുടെ കടുത്ത ഗ്രൂപ് വക്താവായ ജ്യോതികുമാർ ചാമക്കാലയെ നിർവാഹക സമിതിയിൽ ഒതുക്കിയപ്പോൾ പിടി അജയമോഹന് സമിതി അംഗത്വം പോലുമില്ല.

ഉയർന്ന ഭാരവാഹിത്വത്തിൽ കാസർഗോഡ് ജില്ലയെ തഴഞ്ഞു. യുപിയിൽ പ്രിയങ്ക ഗാന്ധി സ്ത്രീകൾക്ക് 40 ശതമാനം നിയമസഭാസീറ്റുകൾ മാറ്റിവയ്ക്കുമ്പോൾ ഭാരവാഹികളായി കേരളത്തിൽ സ്ത്രീപ്രാതിനിധ്യം അഞ്ചു പേരിൽ ഒതുങ്ങി എന്നതും നിരാശ പടർത്തുന്നു.

Full View


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News