ഇ.ഡി കൈക്കൂലിക്കേസ്: 'പണത്തിന്റെ കാര്യം സംസാരിച്ചത് വിൽസൺ, മലയാളി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തി'; പരാതിക്കാരൻ
രേഖകൾ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനീഷ് മീഡിയവണിനോട്
കൊച്ചി: കേസ് ഒതുക്കാൻ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരന്‍ അനീഷ്. ഇഡി അസി. ഡയറക്ടർ ശേഖറിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചെന്നും രേഖകൾ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനീഷ് മീഡിയവണിനോട് പറഞ്ഞു.
മലയാളി ഉദ്യോഗസ്ഥനായ രാധാകൃഷ്ണനാണ് ഭീഷണിപ്പെടുത്തിയതെന്നും അനീഷ് പറഞ്ഞു.എന്നാൽ ഈ ഉദ്യോഗസ്ഥന് കൈക്കൂലി കേസുമായി ബന്ധമുണ്ടോ എന്നറിയില്ലെന്നും അനീഷ് പറഞ്ഞു.
ഇടനിലക്കാരൻ വിൽസൺ ഫോണിൽ വിളിച്ചു.പണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസാരിച്ചത് വിൽസണാണ്. എം.ജി റോഡിൽ വെച്ച് കാണാൻ ആവശ്യപ്പെടുകയും ചെയ്തതായും അനീഷ് പറഞ്ഞു.
കൂടുതല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നും അനീഷ് ആരോപിച്ചു. വില്‍സണുമായുള്ള കൂടിക്കാഴ്ചകള്‍ റെക്കോഡ് ചെയ്ത തെളിവുകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്ന് അനീഷ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പി എം എല്‍ എ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നല്‍കിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും അനീഷ് ബാബു പറഞ്ഞു.
അതേസമയം, ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.കൊച്ചി സോണൽ ഓഫീസിനോട് ഇ ഡി ഡയറക്ടർ റിപ്പോർട്ട് തേടി. കേസിലെ പ്രതി മുരളി മുകേഷ് പ്രധാന ഹവാല ഇടപാടുകാരനാണെന്ന വിവരം വിജിലൻസിന് ലഭിച്ചു.പിടിയിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് ഇ ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.