രൺജിത്ത് വധക്കേസ്: ഒരാൾ കൂടി പിടിയിൽ, 12 പ്രതികളെയും പിടികൂടി

ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്

Update: 2022-03-04 12:14 GMT
Advertising

ബിജെപി നേതാവായിരുന്ന ആലപ്പുഴ രൺജീത്ത് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളെയാണ് പിടികൂടിയത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരും പിടിയിലായി. മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവർത്തകൻ, ആര്യാട് സ്വദേശി അസ്‌ലമിനെ ഫെബ്രുവരി ഒന്നിന് പിടികൂടിയിരുന്നു. എറണാകുളത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയിരുന്നത്. 14 പേരെ ഗൂഢാലോചനക്കേസിലാണ് അറസ്റ്റ് ചെയ്തിരുന്നത്. ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രൺജീത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രൺജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിലെ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരടക്കം ഭൂരിപക്ഷം പ്രതികളും പിടിയിലായി കഴിഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്. ഷാൻ വധകേസിലെ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ, 12-ാം പ്രതി തൃശൂർ സ്വദേശി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരുന്നത്. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുളള കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ ആംബുലൻസിൽ രക്ഷപെടുത്താനും ഒളിവിൽ താമസിപ്പിക്കാനും സഹായിച്ചവരാണ് ഇവർ.

Another arrested in Alappuzha Ranjeet Srinivasan murder case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News