തിരുവനന്തപുരത്തിന് പുറമെ മറ്റു മെഡിക്കൽ കോളജുകളിലും പ്രതിസന്ധി; തൃശൂരിൽ പെർഫ്യൂഷനിസ്റ്റുകളുടെ കുറവ് കാരണം ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി, കോഴിക്കോട് മരുന്ന് ക്ഷാമം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദുരിതം സംബന്ധിച്ച ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലെ പ്രശ്‌നങ്ങളും ചർച്ചയാവുന്നത്
കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദുരിതം സംബന്ധിച്ച ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലെ പ്രശ്‌നങ്ങളും ചർച്ചയാവുന്നു. മലബാറുകാർ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. മരുന്ന് - ഉപകരണ വിതരണക്കാർക്കുള്ള തുക കുടിശ്ശികയായതോടെയാണ് പ്രതിസന്ധിയിലായത്. ഇതോടെ മരുന്നെത്തിക്കുന്നത് നിർത്താനൊരുങ്ങുകയാണ് വിതരണക്കാർ. രണ്ടുവർഷത്തിനിടയിൽ നിരവധി തവണ വിതരണക്കാർ സമരത്തിനിറങ്ങിയിരുന്നു. കുടിശ്ശിക തീർക്കാം എന്ന ഉറപ്പിലാണ് മരുന്ന് വിതരണം തുടർന്നിരുന്നത്. എന്നാൽ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മരുന്ന് വിതരണം നിർത്താനൊരുങ്ങുന്നത്.
തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലായിട്ട് രണ്ടാഴ്ചയിലേറെയായി. സാങ്കേതിക മികവുള്ള പെർഫ്യൂഷൻസ്റ്റുകൾ ഇല്ലാത്തതാണ് തടസ്സം. ശസ്ത്രക്രിയക്കിടെ യന്ത്രം ഉപയോഗിച്ച് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ജോലിയാണ് പെർഫ്യൂഷനിസ്റ്റുകൾ ചെയ്യുന്നത്. നേരത്തെ മൂന്നു പെർഫ്യൂഷനിസ്റ്റുകൾ ഉണ്ടായിരുന്നതിൽ ഒരാൾ ജോലി നിർത്തിപോയി. ബാക്കിയുള്ള രണ്ട് പേർക്ക് ജോലി ചെയ്യാൻ പര്യാപ്തരല്ലെന്നാണ് വകുപ്പിലെ പ്രധാന സർജൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ അറിയിച്ചിരിക്കുന്നത്. നിലവിൽ രോഗികളുടെ ശസ്ത്രക്രിയയുടെ തീയതി നീട്ടിനൽകുകയാണ്. യൂറോളജി വിഭാഗത്തിലും ഗ്യാസ്‌ട്രോളജി വിഭാഗത്തിലും നിരവധി ഒഴിവുകളുണ്ട്.
കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ വൈകുന്നതും പ്രതിസന്ധിയിലാക്കുകയാണ്. ലിസ്റ്റിൽ പേരുവന്ന ശേഷം ആറുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. രോഗികളുടെ ബാഹുല്യമാണ് പ്രതിസന്ധിക്ക് കാരണം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളാണ് ഇത്തരത്തിൽ നീട്ടിവെക്കുന്നത്. സ്ഥിരം ഡോക്ടർമാരുടെ കുറവും പ്രതിസന്ധിക്ക് കാരണമാണ്.
watch video: