കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും ആറുമാസ ഇന്‍റേൺഷിപ്പുമായി സാങ്കേതിക സര്‍വകലാശാല

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ് നേടുന്ന വിദ്യാർത്ഥികൾക്ക് മാസം 10,000 രൂപ സ്റ്റൈപ്പൻഡ് ആയി നല്‍കണം

Update: 2023-11-17 14:16 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: നാല് വർഷത്തെ ബിരുദപഠനത്തിന് ശേഷം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍റേണ്‍‌ഷിപ്പുമായി എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. 4-6 മാസ ഇന്‍റേൺഷിപ് ആണ് ആരംഭിക്കുന്നത്. വ്യവസായസ്ഥാപനത്തിലെ പ്രവർത്തനങ്ങൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, പ്രോജക്‌റ്റുകൾ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അറിവുകൾ വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തന്നെ ലഭ്യമാക്കുക എന്നതാണ് ഇന്റേൺഷിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സർവകലാശാല വാര്‍ത്താകുറിപ്പിൽ പറഞ്ഞു.

ഇന്റേൺഷിപ്പുകൾ എൻജിനീയറിങ് പഠനത്തിന്റെ അവിഭാജ്യ ഘടകമാണ്. വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്തയും ആശയവിനിമയ കഴിവുകളും വികസിപ്പിക്കുന്നതിന് ഇന്റേൺഷിപ്പിന് വലിയ പങ്കുണ്ട്. വ്യാവസായിക സാഹചര്യങ്ങളിൽ പ്രവർത്തിക്കാനും അറിവ് നേടാനും പ്രയോഗിക്കാനും മാത്രമല്ല, വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ രൂപകൽപ്പന ചെയ്യാനും ഇന്റേൺഷിപ്പിലൂടെ സാധിക്കുന്നു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സാങ്കേതിക സർവകലാശാല 4-6 മാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകൾ എൻജിനീയറിംഗ് കരിക്കുലത്തിൽ ഈ വർഷം മുതൽ അവതരിപ്പിക്കുന്നത്.

ഏഴാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകുമ്പോൾ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ആരംഭിക്കാം. 6.5 സി ജി പി എ ആണ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. 4 മുതൽ 6 മാസം വരെയാണ് ഇന്റേൺഷിപ്പ് കാലയളവ്. കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ/എൽഎസ്ജി വകുപ്പുകൾ, സ്വകാര്യമേഖലാ വ്യവസായങ്ങൾ എന്നിവയിൽ ഇന്റേൺഷിപ്പ് നേടാം.

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് നേടുന്ന വിദ്യാർത്ഥികൾക്ക് മാസം 10,000 രൂപ സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കണം. സർവകലാശാലയുടെ പ്രത്യേക അനുമതി കിട്ടിയാൽ മാത്രമേ കുറഞ്ഞ സ്റ്റൈപ്പൻഡിൽ ഇന്‍റേൺഷിപ് ചെയ്യാൻ സാധ്യമാകൂ.

ഇന്‍റേൺഷിപ്പ് വാഗ്ദാനം ചെയ്യുന്ന വ്യവസായസ്ഥാപനങ്ങൾക്ക് ബി.ടെക് ലെവൽ ഇന്‍റേൺഷിപ്പ് നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളും വൈദഗ്ധ്യവും ഉണ്ടായിരിക്കണമെന്ന് കോളേജുകൾ ഉറപ്പാക്കിയിരിക്കണം. ഇന്‍റേൺഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് അവസാന സെമസ്റ്റർ പരീക്ഷ എഴുതുവാൻ ആവശ്യമായ ഹാജർ ലഭിക്കാൻ എട്ടാം സെമസ്റ്ററിൽ ഓൺലൈൻ/സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നത് കോളജുകൾ ഉറപ്പാക്കണം.

വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായോ ടീമായോ ഇന്‍റേഷിപ്പ് ഏറ്റെടുക്കാം. ഇന്‍റേൺഷിപ് റിപ്പോർട്ട് ഫൈനൽ ഇയർ പ്രോജക്ടായി പരിഗണിക്കാവുന്നതാണ്. ഇന്‍റേൺഷിപ്പ് ആരംഭിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇന്‍റേൺഷിപ്പ് അവസാനിപ്പിച്ച് റെഗുലർ ക്ലാസുകളിൽ വീണ്ടും ചേരാനുമുള്ള അപേക്ഷ സമർപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് വിദ്യാർത്ഥികൾ ഇന്‍റേൺഷിപ്പിൽ നിന്ന് പിന്മാറുന്നതിനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കി ഉചിതമായ തീരുമാനമെടുക്കേണ്ടതും കോളജുകളാണ്.

നിലവിലെ ഇന്‍റേൺഷിപ് കാലയളവിലെ കുറവ് മൂലം പല ബഹുരാഷ്ട്ര കമ്പനികൾക്കും എൻജിനീയറിംഗ് വിദ്യാർത്ഥികളെ ഇന്‍റേൺഷിപ്പിനായി തിരഞ്ഞെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സർവ്വകലാശാലയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇന്‍റേൺഷിപ് കാലയളവ് കൂട്ടാൻ സർവകലാശാല തീരുമാനിച്ചത്‌.

Summary: APJ Abdul Kalam Technical University introduces six months internship in central and state institutions and government departments

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News