അരിക്കൊമ്പനെ കിട്ടിയില്ല; തെരച്ചിൽ നാളെയും തുടരും

നാളെയും ദൗത്യം നടന്നില്ലെങ്കിൽ അടുത്ത ദിവസം ശ്രമിക്കും

Update: 2023-04-28 12:43 GMT

അരിക്കൊമ്പൻ 

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം നാളെ രാവിലെ 8 മണിക്ക് പുനരാരംഭിക്കുമെന്ന് ഡി.എഫ്.ഒ രമേഷ് ബിഷ്‌ണോയ്. ട്രാക്കിങ് ടീം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെയും ദൗത്യം നടന്നില്ലെങ്കിൽ അടുത്ത ദിവസം ശ്രമിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.

അരിക്കൊമ്പൻ ദൗത്യത്തിൽ നിന്ന് വനം വകുപ്പ് പിൻമാറില്ലെന്നും അരിക്കൊമ്പനെ കണ്ടെത്താനാകുമെന്നാണ് ദൗത്യസംഘത്തിന്റെ പ്രതീക്ഷയെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. ചൂട് കൂടുതലായതു കൊണ്ടാകാം ഇന്ന് കണ്ടെത്താൻ സാധിക്കാതിരുന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടികൂടാമായിരുന്നുവെന്നും ശശീന്ദ്രൻ പറഞ്ഞു.

Advertising
Advertising

അരിക്കൊമ്പന് വേണ്ടി ചിന്നാകന്നാലിലെ ശങ്കരപാണ്ഡ്യമേടിലടക്കം ഇന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദൗത്യ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള സിസിഎഫ് എസ്.ആർ അരുൺ, ദൗത്യ സംഘത്തെ നയിക്കുന്ന ഡോക്ടർ അരുൺ സകറിയ, കോട്ടയം ഡി എഫ് ഒ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

അരിക്കൊമ്പനെ പിടികൂടി ചിന്നക്കന്നാലിൽ നിന്ന് കൊണ്ട് പോകുന്നതിനായി പ്രത്യേക വാഹനമാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. യുക്കാലി തടി ഉപയോഗിച്ചുള്ള കൂടും അരിക്കൊമ്പനെ വലിച്ചു കയറ്റാനുള്ള ക്രെയ്ൻ സംവിധാനവും വാഹനത്തിലുണ്ട്.

ആഴ്ചകൾ നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കമായത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിനായി ഇറങ്ങിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News