അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി സിപിഎം സ്ഥാനാർഥി
28-ാം പ്രതിയായ പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിൽ മത്സരിക്കുന്നത്
കണ്ണൂർ: എംഎസ്എഫ് നേതാവായിരുന്ന അറിയിൽ ഷുക്കൂർ വധക്കേസ് പ്രതി പട്ടുവത്ത് സിപിഎം സ്ഥാനാർഥി. കേസിൽ 28-ാം പ്രതിയായ പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിലെ 14-ാം വാർഡിൽ മത്സരിക്കുന്നത്. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്.
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തെ അരിയിൽവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഇരുവരും തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് പിന്നാലെയാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ഷുക്കൂറിനെ പരസ്യവിചാരണ നടത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ആരോപണം.
പോപുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഫസൽ വധക്കേസ് പ്രതിയായ കാരായി ചന്ദ്രശേഖരനും തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയാണ്. തലശേരി നഗരസഭയിൽ 16-ാം വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുക. 2015 ൽ തലശേരി നഗരസഭ ചെയർമാനായിരുന്ന ഘട്ടത്തിലാണ് ഫസൽ കേസിൽ ജില്ലയിൽ പ്രവേശിക്കരുതെന്ന് വിധി വരുന്നത്. പിന്നാലെ ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു.