ആശാ സമരവേദിയിൽ ഇന്ന് പൗരസാഗരം നടക്കും
സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്കാണ് പൗരസാഗരം നടക്കുക
തിരുവനന്തപുരം: ആശാ സമരവേദിയിൽ ഇന്ന് പൗരസാഗരം നടക്കും. സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്കാണ് പൗരസാഗരം നടക്കുക.
വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരും കുടുംബസമേതം പൗരസാഗരത്തിന്‍റെ ഭാഗമാകും. തങ്ങളുടെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്തി ഉടൻ സമവായത്തിലെത്തിയില്ലങ്കിൽ പൗരസാഗരത്തിനുശേഷം സമരത്തിന്‍റെ അടുത്തഘട്ടം പ്രഖ്യാപിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകൽ സമരം ഇന്ന് 62-ാം ദിവസവും നിരാഹാര സമരം ഇരുപത്തി നാലാം ദിവസം തുടരുകയാണ്.
21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ല. ആശമാർക്ക് ആദ്യഘട്ടത്തിൽ ഓണറേറിയമായി നൽകാൻ കഴിയുന്ന തുക എത്രയെന്ന് ഒരു ചർച്ചയിലും സർക്കാർ മുന്നോട്ടു വച്ചിട്ടില്ല എന്നും ആശമാർ പറയുന്നു.