Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പാലക്കാട്: അമ്മയിലെ മാറ്റം നല്ലതിനെന്ന് സിനിമാ താരം ആസിഫലി. പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം. കുറഞ്ഞ കാലയളവില്‍ ചിലര്‍ സംഘടനയില്‍ മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണമെന്നും ആസിഫലി പറഞ്ഞു.
'നല്ലതിന് വേണ്ടിയുള്ള മാറ്റം എപ്പോഴും നമ്മള്‍ സ്വീകരിക്കുന്നതാണ്. കഴിഞ്ഞ കമ്മിറ്റിയുടെ പ്രശ്‌നങ്ങളെല്ലാം എല്ലാവരും ചര്‍ച്ച ചെയ്തിരുന്നു. അതില്‍ കൂടുതല്‍ സ്ത്രീകള്‍ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചു.
ഇൗ തവണ അതുപോലെ സംഭവിച്ചിട്ടുണ്ട്. അമ്മ എന്നാണ് സംഘടനയുടെ പേര്. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. സംഘടന അതിലെ അംഗങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്.
ചില സമയത്തെ ബുദ്ധിമുട്ടുകള്‍ കൊണ്ട് മാറി നിന്നവരുണ്ട്. എല്ലാവരെയും സംഘടനയിലേക്ക് തിരികെ കൊണ്ടുവരണം. ഒരു കുടുംബത്തിന്റെ ഐക്യവും അന്തരീക്ഷവുമൊക്കെ ഉണ്ടായിരുന്നു. അതിലേക്ക് തിരിച്ച് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ,' ആസിഫ് അലി പറഞ്ഞു.