ആയുർവേദാചാര്യൻ ഡോ. പി.കെ വാര്യർ അന്തരിച്ചു

ആയുര്‍വേദ ചികിത്സാരംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍

Update: 2021-07-10 07:46 GMT

കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്​ ട്രസ്​റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണ്‍ 8നായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. ആയുര്‍വേദ ചികിത്സാരംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍.

ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂണിലായിരുന്നു ജനനം. പന്നിയമ്പള്ളി കൃഷ്‌ണൻകുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടയ്ക്കൽ ഗവ. രാജാസ് സ്‌കൂളിലാണ് അദ്ദേഹം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളജിലും പൂർത്തിയാക്കി. 1942ൽ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത പി.കെ. വാര്യർ പിന്നീട് തിരിച്ചെത്തി വൈദ്യ പഠനം പൂർത്തിയാക്കി.കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി 1944ൽ ചുമതലയേറ്റത് പി.കെ. വാര്യരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവ വാര്യരായിരുന്നു.

Advertising
Advertising

1953ൽ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ. വാര്യർ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച്ച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാര്യരുടെ ദീർഘവീക്ഷണത്തിന്‍റെ ഉദാഹരണങ്ങളാണ്.

ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് 'ആയുർവേദ മഹർഷി' സ്ഥാനം അദ്ദേഹത്തിന് സമർപ്പിച്ചു.ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സർക്കാരിന്‍റെ അഷ്‌ടാരംഗരത്നം പുരസ്‌കാരം, ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്‌കാരം, സി. അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്‌ടറേറ്റ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.  പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ ഡോ. കെ.ബാലചന്ദ്രൻ വാര്യർ, പരേതനായ കെ. വിജയൻ വാര്യർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ -രാജലക്ഷ്‌മി, രതി വിജയൻ വാര്യർ, കെ.വി. രാമചന്ദ്രൻ വാര്യർ. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News