സഞ്ജിത്ത് വധക്കേസ്: മുഖ്യ സൂത്രധാരൻ ബാവ മാസ്റ്റർ അറസ്റ്റിൽ

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തൃശ്ശൂർ നഗരത്തിൽ നിന്നാണ് പിടികൂടിയത്

Update: 2022-05-06 13:28 GMT
Advertising

പാലക്കാട്: സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ.പി സ്‌കൂൾ അധ്യാപകൻ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആലത്തൂർ ഡിവിഷണൽ പ്രസിഡൻറാണ്. സഞ്ജിത് വധത്തിൽ ഗൂഡാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തൃശ്ശൂർ നഗരത്തിൽ നിന്നാണ് പിടികൂടിയത്.

നവംബർ 15ാം തീയതി കാറിലെത്തിയ സംഘമാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്നു സഞ്ജിത്ത്.

അതിനിടെ, പോപ്പുലർ ഫ്രണ്ട് നേതാവ്‌ സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹക് കൊട്ടേക്കാട് എസ് സുചിത്രൻ (32), ജില്ലാ കാര്യകാര്യ ദർശി പള്ളത്തേരി ജി. ഗിരീഷ് (41), മണ്ഡല കാര്യവാഹക് പി. കെ ചള്ള ആർ. ജിനീഷ് എന്ന കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, സഹായം, കുറ്റകൃത്യം ഒളിപ്പിയ്ക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. സുബൈറിനെ കൊലപ്പെടുത്താൻ സഞ്ജിത് മരിച്ച് 11 ദിവസത്തിനകം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇന്ന് മൂന്നു പേരെ കൂടി പിടികൂടിയതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

അതേസമയം, ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഇന്നലെ ഒരാൾകൂടി അറസ്റ്റിലായിരുന്നു. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കഴിഞ്ഞ ദിവസം കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയെയും സഹായികളായ അബ്ദുൾ നാസർ, ഹനീഫ, കാജാ ഹുസൈൻ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. മറ്റുപ്രതികളെ ബൈക്കുകൾ പൊളിച്ചു മാറ്റിയ ഓങ്ങല്ലൂരിലെ വർക്ക് ഷോപ്പിൽ തെളിവെടുപ്പിനായി കൊണ്ടുപോവുകയും ചെയ്തിരുന്നു. തെളിവെടുപ്പിൽ പൊളിച്ചു മാറ്റിയബൈക്കുകളുടെ നമ്പർ പ്ലേറ്റ് ലഭിച്ചു.

ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. ഏപ്രിൽ 15ന്‌ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.



Full View


Bava Master arrested in Sanjith murder case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News