'വിളിക്കാത്ത കല്യാണത്തിന് പോകില്ല'; തുഷാർ വെള്ളാപ്പള്ളിയുടെ കൺവെൻഷനിൽ പി.സി ജോർജ് പങ്കെടുക്കില്ല, എൻ.ഡി.എയിൽ പോര് രൂക്ഷം

ഇന്ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന എൻ.ഡി.എ കൺവൻഷനിൽ പി.സി ജോർജിനു ക്ഷണമില്ല

Update: 2024-03-24 16:34 GMT
Editor : Shaheer | By : Web Desk

പി.സി ജോര്‍ജ്, തുഷാര്‍ വെള്ളാപ്പള്ളി

Advertising

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും കോട്ടയത്ത് എൻ.ഡി.എയിൽ ബി.ഡി.ജെ.എസ്-പി.സി ജോര്‍ജ് പോര് രൂക്ഷമാകുന്നു. എൻ.ഡി.എ കൺവൻഷനിൽ പി.സി ജോർജ് പങ്കെടുക്കില്ല. വിളിക്കാത്ത കല്യാണത്തിൽ ഉണ്ണാൻ പോകുന്ന പാരമ്പര്യമില്ലെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ഇന്ന് കെ.പി.എസ് മേനോൻ ഹാളിൽ എൻ.ഡി.എ കൺവൻഷൻ നടക്കുന്നുണ്ട്. കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് പി.സി ജോർജിനു ക്ഷണമില്ല. തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിൽനിന്ന് ഉൾപ്പെടെ നേരത്തെ അദ്ദേഹം വിട്ടുനിന്നിരുന്നു. ബി.ഡി.ജെ.എസും പി.സി ജോർജും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല. ഇതു മുന്നണിക്കു തലവേദനയായിരിക്കുകയാണ്.

ബി.ജെ.പിയുടെ പ്രവർത്തകനാണ് ഞാനിപ്പോൾ. എന്നെ വേണമെങ്കിൽ ബി.ജെ.പിയിൽനിന്ന് ആരെങ്കിലും പറയണം. അല്ലാതെ ഞാൻ പറയുന്നതിൽ അർഥമില്ല. എന്നെ വിളിക്കാത്തത് തെറ്റല്ല. ബി.ജെ.പിയുടെ ഘടകകക്ഷി എന്ന നിലയിൽ പാർട്ടിയുടെ ഉത്തരവാദപ്പെട്ടവർ അതിൽ പങ്കെടുക്കും. എന്നെ വിളിച്ചിട്ടില്ല. വിളിക്കാത്തിടത്ത് ഉണ്ണാൻ പോകുന്ന പാരമ്പര്യം എനിക്കില്ല. എനിക്ക് രാഷ്ട്രീയമായ ബന്ധം മാത്രമേയുള്ളൂ. ബി.ജെ.പിയുടെ ഘടകകക്ഷിയാണ് ബി.ഡി.ജെ.എസ്. അവരുടെ സ്ഥാനാർഥി ജയിക്കണമെന്നു പറയുന്നതിൽ വിരോധമൊന്നുമില്ലെന്നും പി.സി ജോർജ് മീഡിയവണിനോട് പറഞ്ഞു.

മുതിർന്ന നേതാവ് എന്ന നിലയിൽ മുന്നണി പരിപാടികളിൽ പങ്കെടുക്കേണ്ടത് പി.സി ജോർജിന്റെ ഉത്തരവാദിത്തമാണെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം പറയുന്നത്. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജ് അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ അതൃപ്തി പരസ്യമാക്കിയിരുന്നു. കോട്ടയത്ത് തുഷാറിന്റെ വരവും ജോർജിനെ അസ്വസ്ഥനാക്കി.

അതിനിടയിൽ മറ്റു ജില്ലകളിൽ എൻ.ഡി.എ പരിപാടികളിൽ പി.സി ജോർജ് പങ്കെടുക്കുന്നുണ്ട്. ജനപക്ഷം പാർട്ടി പിരിച്ചുവിട്ട് ബി.ജെ.പിയിൽ ലയിച്ചത് ജോർജിന് വിനയായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വിലപേശൽ ശക്തിയായതിനാൽ പി.സി ജോർജിനെ ബി.ജെ.പി കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.

Full View

Summary: Even as the election campaign heats up, the BDJS-PC George internal fight is intensifying in NDA in Kottayam. PC George will not attend the NDA convention

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News