ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: എറണാകുളം ജില്ലക്ക് പുറത്തേക്കും പുക വ്യാപിക്കുന്നു

പുകയ്‌ക്കൊപ്പം കടുത്ത ദുർഗന്ധമെന്ന് നാട്ടുകാർ

Update: 2023-03-06 03:07 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്ത തുടർന്ന് ഇന്നും കൊച്ചി നഗരത്തിൽ കനത്ത പുക. പുകയ്‌ക്കൊപ്പം കടുത്ത ദുർഗന്ധവുമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, ജില്ലക്ക് പുറത്തേക്കും പുക വ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ അരൂർ പ്രദേശത്തും പുക വ്യാപിച്ചിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂർണമായും അണക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. തീ കെടുത്തിയാലും ഏതാനും ദിവസം കൂടി പുക അന്തരീക്ഷത്തിൽ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സമീപപ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് ഇന്ന് ജനകീയ സമരസമിതി പ്രതിഷേധിക്കും. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂർണമായും നിയന്ത്രണ വിധേയമായെങ്കിലും പുക ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന പ്രശ്‌നം. അന്തരീക്ഷമലിനീകരണം ഉയർത്തുന്ന വെല്ലുവിളികൾ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. തീ പൂർണമായും അണച്ചാലും രണ്ടോ മൂന്നോ ദിവസം കൂടി പുക അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. ബ്രഹ്മപുരത്ത് രണ്ട് ഓക്‌സിജൻ പാർലറുകൾ ഒരുക്കിയിട്ടുണ്ട്.

വിഷപ്പുക വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി നൽകി. വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ,തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.

അങ്കൻവാടികൾക്കും ഡേ കെയർ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം, ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതിൽ കലക്ടറുടെ ഫേസ്ബുക്ക് പേജിന് താഴെ വലിയ പ്രതിഷേധമാണ് ജനങ്ങൾ നടത്തിയത്. മറ്റ് കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്നായിരുന്നു ചോദ്യം.

അഞ്ച് ദിവസമായിട്ടും പ്രശ്‌നത്തിന് പൂർണപരിഹാരം കണ്ടെത്താത്താൻ സാധിക്കാത്തതിനാൽ ജനകീയ സമരസമിതി ഇന്ന് പ്രതിഷേധിക്കും. കോൺഗ്രസും കൊച്ചി കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തീപിടുത്തത്തിലെ അട്ടിമറി ആരോപണം ഉയർന്നതിനാൽ പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News