കൈക്കൂലിക്കേസ് : എറണാകുളം ആർടിഒക്ക് സസ്പെൻഷൻ
വീട്ടിൽ നിന്നും 49 കുപ്പി മദ്യവും 64,000 രൂപയും 84 ലക്ഷത്തിന്റെ ഫിക്സഡ് ഡിപ്പോസിറ്റും വിജിലൻസ് കണ്ടെത്തിയിരുന്നു
Update: 2025-02-21 14:10 GMT
കൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒക്ക് സസ്പെൻഷൻ. ടിഎം ജേഴ്സണാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ഗതാഗത കമ്മീഷണറുടെ ശിപാർശയിന്മേൽ ആണ് നടപടി.
സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കിനൽകുന്നതിനാണ് ഏജന്റ് വഴി ജേഴ്സൺ കൈക്കൂലിവാങ്ങിയത്. പരാതിക്കാരൻ വിജിലൻസിന് പരാതി നൽകുകയും അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയത് തെളിയുകയും ചെയ്തു.റെയ്‌ഡിൽ ടിഎം ജേഴ്സണിന്റെ വീട്ടിൽ നിന്നും 49 കുപ്പി മദ്യവും 64,000 രൂപയും 84 ലക്ഷത്തിന്റെ ഫിക്സഡ് ഡിപ്പോസിറ്റും വിജിലൻസ് കണ്ടെത്തിയിരുന്നു.
വകുപ്പിന്റെ സൽപ്പേരിന് കളങ്കം വരുത്തി, പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ഗതാഗത കമ്മീഷണറുടെ ശിപാർശയിന്മേൽ ആണ് സസ്പെൻഷൻ നടപടി.