'ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റില്‍ അവഗണിച്ചു'; ബിനോയ് വിശ്വം

'കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിയ്ക്കുന്ന കേന്ദ്രബജറ്റില്‍ പ്രതിഷേധിക്കുക'

Update: 2025-02-01 16:01 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെ ബജറ്റില്‍ അവഗണിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്രബജറ്റെന്നും കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിയ്ക്കുന്ന ബജറ്റിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

'സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റ് പാടെ മറന്നിരിക്കുന്നു. യുപിഎ ഭരണകാലത്ത് കമ്മ്യൂണിസ്റ്റ് പിന്തുണയോടെ നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയെ കൊല്ലാക്കൊല ചെയ്യുകയാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ ബജറ്റുകളിലെപ്പോലെ ഈ ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്ക് പുതിയതായി ഒന്നും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊഴിലില്ലായ്മ, വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യശോഷണം തുടങ്ങിയ പ്രശ്‌നങ്ങളോട് ബിജെപി ഗവണ്മെന്റിന്റെ ബജറ്റ് കണ്ണ് അടച്ചിരിക്കയാണ്. എല്‍ഐസി, ജിഐസി മേഖലകള്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള നീക്കം ദേശീയ താല്പര്യങ്ങളെ ഒറ്റികൊടുക്കലാണ്. രാഷ്ട്രീയ ദുഷ്ടലാക്കോടെ തയ്യാറാക്കിയ ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളത്. വയനാടിനും വിഴിഞ്ഞത്തിനും ലഭിക്കേണ്ട പരിഗണന നല്‍കാത്ത ബജറ്റ്, ബീഹാറിന് വാരിക്കോരി കൊടുത്തതിന്റെ രാഷ്ട്രീയലക്ഷ്യം ഇന്ത്യന്‍ ജനതയ്ക്ക് ബോദ്ധ്യമാണ്. ന്യൂക്ലിയര്‍ രംഗത്തുവരെ സ്വകാര്യ കടന്നുകയറ്റത്തിന് സമ്മതം മൂളിയ ഗവണ്മെന്റ് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പറയുമ്പോള്‍ രാജ്യം അതിനെ പുച്ഛിച്ചു തള്ളും'- ബിനോയ് വിശ്വം പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News