ഡോക്ടറെ കയ്യേറ്റം ചെയ്തു: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൌമ്യയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്

Update: 2021-05-25 05:56 GMT
By : Web Desk

ഇടുക്കി ചേലച്ചുവടിൽ ഡോക്ടറെ കയ്യേറ്റം ചെയ്തവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. കീരിത്തോട് സ്വദേശികളായ സന്തോഷ്‌, സജി, സജീഷ് എന്നിവർക്കെതിരെയാണ് കഞ്ഞിക്കുഴി പോലീസ് കേസ് എടുത്തിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദേശിച്ച ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന ആശുപത്രി അധികൃതരുടെ പരാതിയിലാണ് നടപടി. സിഎസ്ഐ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർ അനൂപ് ബാബുവിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. ചേലച്ചുവട് സി.എസ്.ഐ ഹോസ്പിറ്റലിൽ തിങ്കളാഴ്ച വൈകിട്ടാണു സംഭവം.

ആശുപത്രിയിൽ അതിക്രമിച്ചു കയറിയവർ ഡോക്ടർ അനൂപ് ബാബുവിനെ മർദ്ദിക്കുകയും ചെകിട്ടത്തടിക്കുകയും ചെയ്തതായാണ് ആശുപത്രിയുടെ ചുമതലയുള്ള അഡ്മിനിസ്റ്റർ ഫാദർ രാജേഷ് പത്രോസ് പൊലീസിന് നൽകിയ പരാതി. കോവിഡ് ചികിത്സയിലായിരുന്നവർ മാസ്ക്കും അകലവും പാലിക്കാതെ വന്നതു ചോദ്യം ചെയ്തതാണ് സംഘർഷത്തിനു കാരണമെന്ന് ഫാദർ രാജേഷ് പത്രോസ് പരാതിയിൽ പറയുന്നു.

Advertising
Advertising

എന്നാൽ ആശുപത്രിയിൽ ചികിത്സക്ക് എത്തിയ തങ്ങളോട് ഡോക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് സജി ആരോപിച്ചു. കഞ്ഞിക്കുഴി പോലീസ് കേസ് അന്വേഷണം തുടരുകയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ ആശുപത്രി അധികൃതര്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളില്‍ ആശുപത്രിയിലെത്തിയവര്‍ ആശുപത്രി അധികൃതരുമായി വാക്കേറ്റമുണ്ടാകുന്നത് വ്യക്തമാണ്.

ഇസ്രായേലിൽ ഷെൽ ആക്രമണത്തിൽ മരിച്ച സൗമ്യയുടെ ഭർത്താവാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്ന സന്തോഷ്‌. സജി, സന്തോഷിന്റെ സഹോദരനും സജേഷ് സൌമ്യയുടെ സഹോദരനുമാണ്.

Tags:    

By - Web Desk

contributor

Similar News